കാർ കത്തിയ സംഭവം ; മരിച്ചത് കുമളി സ്വദേശി
Wednesday, July 24, 2024 2:50 AM IST
കുമളി: കുമളിക്കടുത്ത് സ്പ്രിംഗ് വാലിയിൽ (66-ാം മൈൽ) കാറിനു തീ പിടിച്ച് മരിച്ചത് കുമളി സ്വദേശി. കൊല്ലംപട്ടട കോഴിക്കോട്ട് വീട്ടിൽ റോയ് സെബാസ്റ്റ്യൻ (64) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ കെകെ റോഡിലാണ് അപകടം.
വണ്ടിപ്പെരിയാറിനു സമീപം ചെങ്കരയിലെ ഏലത്തോട്ടത്തിൽനിന്ന് കുമളിയിലെ വീട്ടിലേക്ക് കാർ ഓടിച്ച് വരുന്നതിനിടയിലാണ് റോയി അപകടത്തിൽപ്പെട്ടത്. വീടിന് ഒന്നര കിലോമീറ്റർ അകലെയായിരുന്നു അപകടം.
കാറിൽ തീ കണ്ട് പിന്നാലെയുണ്ടായിരുന്ന ബൈക്ക് യാത്രികൻ വണ്ടിപ്പെരിയാർ സ്വദേശി നവരാജ് കാറിനെ ഓവർടേക്ക് ചെയ്ത് ബൈക്ക് നിർത്തി കാറിന് സമീപമെത്തി ആദ്യം രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു.
ഇറക്കത്ത് നിർത്തിയ കാറിന്റെ ചില്ലുകൾ ഉയർത്തിയിരുന്നു. കാറോടിച്ചിരുന്ന റോയി സീറ്റ് ബെൽറ്റും ധരിച്ചിരുന്നു. സംഭവം കണ്ട് നിർത്തിയ കെഎസ്ആർടിസി ബസിലെ യാത്രക്കാരിലൊരാൾ കാറിന്റെ ചില്ല് തകർത്ത് ഡോർ തുറന്നെങ്കിലും തീ ആളിക്കത്തി പുറത്തേക്ക് തള്ളിയെന്ന് നവരാജ് പറഞ്ഞു.
റോയി കാറിന് വെളിയിൽ റോഡിലേക്ക് കത്തിക്കരിഞ്ഞ് വീഴുകയായിരുന്നു. തീക്കുണ്ഡമായി മാറിയ കാർ ഇറക്കത്തിൽ ഉരുണ്ട് നവരാജിന്റെ ബൈക്കിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ബൈക്കും കത്തിനശിച്ചു.
ചെങ്കരയിൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് റോയി ഏല കൃഷി നടത്തിയിരുന്നത്. വേനലിൽ ഏലം നശിച്ചിരുന്നു. റോയിക്ക് സാന്പത്തികബാധ്യത ഉണ്ടായിരുന്നതായും പറയപ്പെടുന്നു. കാറിനുള്ളിൽ പെട്ടെന്ന് തീ പിടിക്കുന്ന പെട്രോൾ പോലുള്ള ഇന്ധനം ഉണ്ടായിരുന്നതാണ് ഇത്ര വലിയ തീപിടിത്തത്തിന് കാരണമായതെന്നാണ് സൂചന.
റോയിയുടെ സംസ്കാരം ഇന്ന് 11ന് കുമളി സെന്റ് തോമസ് ഫെറോന പള്ളിയിൽ. ഭാര്യ: ഡോളി. മക്കൾ: ബുൾബുൾ, യസബേൽ.