ആശങ്ക വേണ്ട, 17 പേരുടെ ഫലം നെഗറ്റീവ്
Wednesday, July 24, 2024 2:50 AM IST
മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തുവന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റൈനില്‍ തുടരണമെന്നും പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരേ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ 460 പേരാണു സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 220 പേര് ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര് ആരോഗ്യപ്രവര്‍ത്തകരാണ്.
സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടുപേരും. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.
പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18,055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട്ട് 10,248 വീടുകളും ആനക്കയത്ത് 7,807 വീടുകളും സന്ദര്‍ശിച്ചു.
പാണ്ടിക്കാട്ട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സിസി ടിവി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടുപോകാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക പട്ടിക തയാറാക്കുന്നത്.
നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാമ്പിളുകള്‍ ഇവിടെനിന്ന് പരിശോധിക്കാനാകും.
വവ്വാലുകളില്‍നിന്നു സാമ്പിള്‍ ശേഖരിക്കുന്നതിനായി പൂന എന്ഐവിയില്നിന്ന് ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന് നമദേവ് കോബ്രഗഡെ ഓണ്‍ലൈനായും കളക്ടര്‍ വി.ആര്. വിനോദ്, ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക തുടങ്ങിയവര്‍ ഓഫ് ലൈനായും പങ്കെടുത്തു.
സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരേ നിയമനടപടി
മലപ്പുറം: നിപ സംബന്ധിച്ച് സമൂഹമാധ്യമങ്ങള്‍ വഴി തെറ്റിദ്ധാരണ പരത്തുന്നതിനെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അത്തരക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
പൊതുജനാരോഗ്യനിയമത്തിലെയും സൈബര്‍ നിയമത്തിലെയും വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കാന്‍ ജില്ലാപോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ രോഗബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷപ്രചാരണം നടത്തിയതിനും രണ്ടു കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.