പരീക്ഷാഫലം തടഞ്ഞുവച്ചു ; 24 സർക്കാർ നഴ്സിംഗ് കോളജുകളിലെ വിദ്യാർഥികൾ പ്രതിസന്ധിയിൽ
Wednesday, July 24, 2024 2:50 AM IST
കൊച്ചി: ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരമില്ലെന്ന കാരണത്താൽ, ഒന്നാം സെമസ്റ്റർ പരീക്ഷാഫലം തടഞ്ഞുവച്ച സംസ്ഥാനത്തെ 24 നഴ്സിംഗ് കോളജുകളിലെ ബിഎസ്സി നഴ്സിംഗ് വിദ്യാർഥികൾ ആശങ്കയിൽ. ആറു സർക്കാർ മെഡിക്കൽ കോളജുകളിലേതുൾപ്പെടെ 1369 വിദ്യാർഥികളുടെ ഫലമാണ് ആരോഗ്യസർവകലാശാല തടഞ്ഞത്.
കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ അധികമായി അനുവദിച്ച കോളജുകളിലെയും ബാച്ചുകളിലെയും വിദ്യാർഥികളുടെ ഫലമാണു തടഞ്ഞിട്ടുള്ളത്. പുതിയ ബാച്ചുകളുടെ അംഗീകാരത്തിനായി നഴ്സിംഗ് കൗൺസിലിന് അപേക്ഷ നൽകുന്നതിലുണ്ടായ കാലതാമസമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമായത്. ആരോഗ്യ സർവകലാശാലയുടെ താത്കാലിക അനുമതിയോടെയാണു പുതിയ ബാച്ചുകളിലേക്കും കോളജുകളിലേക്കും വിദ്യാർഥികളെ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ നടന്ന ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലമാണു തടഞ്ഞുവച്ചിട്ടുള്ളത്. സർക്കാർ നഴ്സിംഗ് കോളജുകളിലെയും സർക്കാർ നിയന്ത്രിക്കുന്ന സ്വാശ്രയ നഴ്സിംഗ് കോളജുകളിലെയുമാണു ഫലപ്രഖ്യാപനം പ്രതിസന്ധിയിലായത്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയുടെ (സിമെറ്റ്) എട്ടു കോളജുകളും ഫലം തടയപ്പെട്ടവയിലുണ്ട്.
അതേസമയം, പുതിയ കോളജുകൾക്കും ബാച്ചുകൾക്കും ഇന്ത്യൻ, കേരള നഴ്സിംഗ് കൗൺസിലുകളുടെ അംഗീകാരത്തിനു ശേഷം മാത്രമാണു സർവകലാശാല അംഗീകാരം നൽകേണ്ടതെന്ന വ്യവസ്ഥ 24 കോളജുകളുടെ കാര്യത്തിൽ പാലിക്കപ്പെട്ടിട്ടില്ലെന്നും ആരോപണമുയരുന്നുണ്ട്.