വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാന്‍ നിയമ ഭേദഗതി വേണമെന്ന് ജോസ് കെ. മാണി
Tuesday, July 23, 2024 1:36 AM IST
കോട്ടയം: ജനവാസമേഖലയിലെത്തുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുന്നതിനുള്ള ചട്ടം ഉള്‍പ്പെടുത്തി 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ്. കെ. മാണി എംപി ആവശ്യപ്പെട്ടു.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ വന്യമൃഗത്തിന് എവിടെയാണ് സംരക്ഷണം നല്‍കേണ്ടത് എന്ന കൃത്യമായ നിര്‍വചനം ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുമൂലം വനത്തിനുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട നിയമം ജനവാസ മേഖലയിലും നടപ്പാക്കുകയാണ്.
ആഗോളതാപനത്തെ തുടര്‍ന്ന് കാലാവസ്ഥാ വ്യതിയാനങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ രാജ്യത്താകമാനം വലിയ പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമാവുകയാണ്.
മേഘവിസ്ഫോടനം, പ്രളയം, മണ്ണിടിച്ചില്‍ എന്നിവ നേരിടുന്നതിനും മനുഷ്യ സുരക്ഷയ്ക്കുമായി രാജ്യവ്യാപകമായ ഏകോപനത്തോടെയുള്ള ദുരന്തനിവാരണ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കണമെന്ന് ജോസ്. കെ. മാണി ആവശ്യപ്പെട്ടു.