ഒന്നരമാസംകൊണ്ട് 50 കേസുകൾ തീർപ്പാക്കണം; സെഷൻസ് കോടതികൾക്ക് സുപ്രീംകോടതി നിർദേശം
Saturday, July 20, 2024 2:12 AM IST
തലശേരി: ഒന്നരമാസംകൊണ്ട് 50 കേസുകൾ തീർപ്പാക്കണമെന്ന് രാജ്യത്തെ സെഷൻസ് കോടതികൾക്ക് സുപ്രീംകോടതിയുടെ നിർദേശം.
ജൂലൈ ഒന്നു മുതൽ 45 ദിവസത്തിനകം ഒരോ കോടതികളും 50 കേസുകൾ വീതം തീർപ്പു കല്പിക്കാനാണ് നിർദേശം വന്നിട്ടുള്ളത്. പ്രിൻസിപ്പൽ സെഷൻസ് കോടതി, അഡീഷണൽ സെഷൻസ് കോടതികൾ, പോക്സോ കോടതികൾ ഉൾപ്പെടെ കേസുകൾ തീർപ്പാക്കാനുള്ള ഊർജിത ശ്രമത്തിലാണ്.
കൊലപാതകം, ബലാത്സംഗം, വധശ്രമം, സ്ത്രീപീഡന മരണം, പൊതുമുതൽ നശിപ്പിക്കൽ, പട്ടികവർഗ-പട്ടികവിഭാഗ കേസുകൾ എന്നിവയാണ് സെഷൻസ് കോടതികളുടെ പരിഗണനയിൽ എത്തുക. ഇത്തരം കേസുകളാണ് യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാൻ ശ്രമം നടക്കുന്നത്.
പ്രായോഗികമല്ലെന്ന് ലോയേഴ്സ് യൂണിയൻ
തലശേരി: കോടതികൾക്ക് കേസുകൾ തീർക്കാൻ ടാർജറ്റ് നൽകുന്നത് പ്രായോഗികമല്ലെന്ന് ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി.പി. പ്രമോദ് ദീപികയോട് പറഞ്ഞു.
കേസുകളുടെ ദ്രുതഗതിയിലുള്ള തീർപ്പു കല്പിക്കൽ വിധിയുടെ ഗുണം കുറയ്ക്കും.
ഓരോ കേസും ഓരോ രീതിയിലാണ്. രണ്ടു ഭാഗവും കേട്ട് മൊഴികൾ രേഖപ്പെടുത്തി തെളിവുകളും രേഖകളും പരിശോധിച്ചു വേണം ഓരോ കേസുകളിലും തീർപ്പുകല്പിക്കാൻ. അതുകൊണ്ടുതന്നെ കേസുകൾ തീർപ്പുകല്പിക്കാൻ ടാർജറ്റ് നൽകുന്നത് ജുഡീഷൽ ഉദ്യോഗസ്ഥരിൽ മാനസിക സമ്മർദം സൃഷ്ടിക്കും.
നിലവിലുള്ള കോടതികളുടെ എണ്ണം വർധിപ്പിച്ച് കേസുകൾ വേഗത്തിൽ തീർപ്പുകല്പിക്കുകയാണ് വേണ്ടത്. പ്രശ്നം ചർച്ച ചെയ്യാൻ നാളെ ലോയേഴ്സ് യൂണിയൻ അഖിലേന്ത്യാതലത്തിൽ യോഗം ചേരുമെന്നും പ്രമോദ് വ്യക്തമാക്കി.