മഴക്കെടുതിയിൽ കാസർഗോട്ട് രണ്ടു മരണം
Thursday, May 23, 2024 2:39 AM IST
കാഞ്ഞങ്ങാട്: മഴക്കെടുതിയിൽ കാസർഗോഡ് ജില്ലയിൽ രണ്ടു പേർ മരിച്ചു. ചെറുവത്തൂരിൽ വയോധിക പുഴയിൽ വീണും മടിക്കൈയിൽ വയോധികന് ഇടിമിന്നലേറ്റുമാണു മരിച്ചത്.
ചെറുവത്തൂരിലെ അമ്പൂഞ്ഞിയുടെ ഭാര്യ അച്ചാംതുരുത്തിയിലെ പുതിയപുരയിൽ വളപ്പിൽ വെള്ളച്ചി (81) യെയാണു പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മീൻകടവിലെ സഹോദരിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു ഇവർ. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ഇവരെ കാണാതായിരുന്നു. തുടർന്നു നടത്തിയ തെരച്ചിലിലാണ് മീൻകടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മക്കൾ: യശോദ, സുഭദ്ര, പരേതയായ ശകുന്തള. മരുമക്കൾ: കുമാരൻ, സുകുമാരൻ, പരേതനായ ഭാസ്കരൻ. സഹോദരങ്ങൾ: ചിരുത, രോഹിണി, നന്ദിനി, രാമൻ, രാധ, പരേതനായ കാരിയിൽ അമ്പൂഞ്ഞി.
മടിക്കൈയിൽ ബങ്കളം പുതിയകണ്ടത്തെ കീലത്ത് ബി. ബാലനാണ് (70) മിന്നലേറ്റു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് അപകടം. വീട്ടുപറമ്പിലെ പമ്പ് ഹൗസിനടുത്തേക്ക് പോയ ബാലന് മടങ്ങി വരാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചു ചെന്നപ്പോഴാന്ന് മിന്നലേറ്റുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
ഭാര്യ: പരേതയായ പി.ഗിരിജ. മക്കള്‍: ഗിരീഷ് (ഓട്ടോ ഡ്രൈവര്‍), രതീഷ് (ഗള്‍ഫ്). മറ്റൊരു മകനായ സുധീഷിനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായിരുന്നു. മരുമക്കള്‍: അജിത, റീന.
വള്ളത്തിൽ സഞ്ചരിക്കവെ മിന്നലേറ്റ് മരിച്ചു
ഉദയംപേരൂർ: വള്ളത്തിൽ സഞ്ചരിക്കവെ ഇടിമിന്നലേറ്റ് ആരോഗ്യ വകുപ്പ് റിട്ട. ജീവനക്കാരൻ മരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പൂത്തോട്ട പുത്തൻകാവ് ചിങ്ങോറോത്ത് സരസൻ (62) ആണു മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.30ഓടെ കന്നുകാലിക്ക് പുല്ല് ചെത്തി പുഴയിലൂടെ വള്ളത്തിൽ വീട്ടിലേക്കു വരുന്പോഴാണ് മിന്നലേറ്റത്. സംസ്കാരം പിന്നീട്. ഭാര്യ: ജയന്തി. മകൻ: അക്ഷയ് സരസൻ (കാനഡ).
ഇന്നു തീവ്രമഴയ്ക്കു സാധ്യത
തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട തീവ്രമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.