വരൾച്ചയിലെ കൃഷിനാശം; കേന്ദ്രസഹായം തേടാൻ കേരളം
Thursday, May 23, 2024 2:39 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: അതിരൂക്ഷമായ വരൾച്ച മൂലം സംസ്ഥാനത്ത് പൂർണമായും കൃഷിനാശം സംഭവിച്ച മേഖലയിൽ പുനർകൃഷിക്കായി കേന്ദ്ര സഹായം തേടാൻ സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി കൃഷി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ വിശദമായ റിപ്പോർട്ട് തയാറാക്കുന്ന നടപടികൾ ആരംഭിച്ചു.
വരൾച്ചെയെക്കുറിച്ച് പഠിക്കാനായി കൃഷിവകുപ്പ് നിയോഗിച്ച വിദഗ്ധസമിതി കഴിഞ്ഞ ആഴ്ച്ച സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നല്കിയിരുന്നു. ഇതിലെ വിവരങ്ങളും വിശദമായ റിപ്പോർട്ട് തയാറാക്കുന്നതിൽ ഉൾപ്പെടുത്തും.
കേന്ദ്രത്തിൽനിന്നു സഹായം തേടുന്പോൾ കൃഷിനാശത്തിന്റെ കണക്കിൽ പൂർണമായും വ്യക്തതയുണ്ടാവണം. ഈ സാഹചര്യത്തിലാണ് കൃഷി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ റിപ്പോർട്ട് തയാറാക്കുന്നത്.
വരൾച്ച മൂലമുള്ള കൃഷിനാശം വിലയിരുത്തുന്നതിനും തുടർ നടപടികൾ കൈക്കൊള്ളുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയനുമായി കൃഷിമന്ത്രി പി. പ്രസാദ് ഇന്നലെ കൂടിക്കാഴ്ച്ച നടത്തി. കൃഷിനാശം സംഭവിച്ച കർഷകരെ സഹായിക്കുന്നതിനായി കേന്ദ്ര സഹായം തേടുന്ന കാര്യവും ചർച്ചയായി.
സംസ്ഥാനത്ത് ആഴ്ച്ചകൾക്കുള്ളിൽ കാലവർഷം ശക്തമാകുമെന്നിരിക്കെ വരൾച്ചയിലെ കൃഷി നാശത്തിന്റെ സാന്പത്തിക സഹായത്തിനായി വേഗത്തിൽ കേന്ദ്രത്തെ സമീപിച്ചില്ലെങ്കിൽ സംസ്ഥാനത്തിന് അത് തിരിച്ചടിയാകുമെന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് പരമാവധി വേഗത്തിൽ കേന്ദ്ര സഹായം തേടാനുള്ള നീക്കം നടത്തുന്നത്.
കൃഷിവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരം കടുത്ത വേനലിൽ സംസ്ഥാനത്ത് 46,587 ഹെക്ടറിലായി അരലക്ഷത്തിലധികം കർഷകകരുടെ കൃഷികളാണ് കരിഞ്ഞുണങ്ങിയത്.
ഏറ്റവുമധികം കൃഷിനാശം സംഭവിച്ചത് ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലായിരുന്നു. പൂർണമായി കൃഷി നശിച്ചതിലൂടെ 257 കോടിയിലധികം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കിലാക്കുന്നത്.
എന്നാൽ കൃഷിനാശത്തിൽ പ്രത്യക്ഷമായും പരോക്ഷമായുമുള്ള കണക്ക് കൂട്ടിയാൽ 500 കോടിക്കു മുകളിൽ വരുമെന്നും കൃഷിവകുപ്പ് വ്യക്തമാക്കുന്നു. ഏറ്റവുമധികം നാശം സംഭവിച്ചത് ഏലംകൃഷിക്കായിരുന്നു.