രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും പീഡനത്തില്‍ പങ്ക്: പോലീസ് റിപ്പോര്‍ട്ട്
Thursday, May 23, 2024 1:57 AM IST
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലന്റെ അമ്മയ്ക്കും സഹോദരിക്കും മുഖ്യപങ്കുണ്ടെന്നു പോലീസ് റിപ്പോര്‍ട്ട്.
ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുന്നോടിയായി കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രത്യേക അന്വേഷണസംഘം നല്കിയ റിപ്പോര്‍ട്ടിലാണ് ഇവരുടെ പങ്ക് വ്യക്തമാക്കിയിട്ടുള്ളത്. 27നാണു മുന്‍കൂര്‍ ജാമ്യഹര്‍ജി പരഗണിക്കുക.
മുന്‍കൂര്‍ ജാമ്യം നല്കിയാല് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഉഷാകുമാരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ചോദ്യംചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പന്തീരാങ്കാവ് പുന്നയൂര്‍കുളം സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപലന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തിക എന്നിവരാണ് മൂന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിട്ടുള്ളത്. ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള റിപ്പോര്‍ട്ടിലാണ് ഇവരുടെ പങ്ക് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
കേസില്‍ രണ്ടും മൂന്നും പ്രതികളാണ് ഇവര്‍. അമ്മയും മകളും തന്നെ മര്‍ദിക്കുന്നതിനു ഭര്‍ത്താവ് രാഹുലിനു കൂട്ടുനിന്നതായി യുവതി പോലീസില്‍ മൊഴി നല്‍കിയുന്നു. ക്രൂരമായി മര്‍ദിച്ച ദിവസം മര്ദനത്തിനുമുമ്പ് രാഹുലും അമ്മയും ഏറെസമയം അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയിരുന്നതായും യുവതി മൊഴി നല്‍കിയിരുന്നു.
ഉഷാകുമാരിക്കും കാര്‍ത്തികയ്ക്കും എതിരേ സ്ത്രീധനപീഡനക്കുറ്റംകൂടി ചുമത്തിയ സാഹചര്യത്തിലാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി എത്തിയത്. ആരോഗ്യ പ്രശ്നങ്ങള്‍ പറഞ്ഞ് ഉഷാകുമാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കൂട്ടിരിക്കുന്നത് കാര്‍ത്തികയാണ്. ആശുപത്രി വിടാത്തതിനാല്‍ ഇവരെ ചോദ്യംചെയ്യാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ആശുപത്രിയിലെത്തി ചോദ്യം ചെയ്യുന്ന കാര്യവും പോലീസ് പരിഗണിക്കുന്നുണ്ട്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.