മാർപാപ്പയുടെ തീരുമാനം വിശ്വാസികളെ അറിയിക്കണമെന്ന്
Wednesday, May 22, 2024 12:51 AM IST
കൊച്ചി: കഴിഞ്ഞ ആഴ്ച മാർപാപ്പയെ സന്ദർശിച്ചപ്പോൾ എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങളിൽ സഭാതലവന്റെ തീരുമാനം എന്താണെന്ന് വിശ്വാസികളെ നേരിട്ട് അറിയിക്കാൻ സ്ഥിരം സിനഡ് അംഗങ്ങൾ തയാറാകണമെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ഈ സന്ദർശനവുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ വാർത്തകൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യഥാർഥ വസ്തുതകൾ അൽമായരോട് പറയേണ്ട ഉത്തരവാദിത്വം സ്ഥിരം സിനഡിനുണ്ടെന്ന് ചെയർമാൻ മത്തായി മുതിരേന്തി പത്രസമ്മേളനത്തിൽ പറഞ്ഞു.
മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഈ മാസം അവസാനം സഭാ ആസ്ഥാനത്ത് തിരിച്ചെത്തിയാൽ ഉടനെ അതിരൂപതയിലെ വിഷയങ്ങളിൽ റോമിന്റെ തീരുമാനം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടത്തിന് സംഘടന കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പത്രസമ്മേളനത്തിൽ ഭാരവാഹികളായ ജിമ്മി പുത്തിരിക്കൽ, ബേബി പൊട്ടനാനി, കുര്യാക്കോസ് പഴയമഠം, ജോസഫ് അമ്പലത്തിങ്കൽ, ജോസ് മാളിയേക്കൽ, ജോണി തോട്ടക്കര എന്നിവർ പങ്കെടുത്തു.