ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് പ്രൈസ് പ്രിഫറന്‍സ്; ഉത്തരവ് ശരിവച്ചു
Friday, April 12, 2024 2:07 AM IST
കൊച്ചി: ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് പത്തു ശതമാനം പ്രൈസ് പ്രിഫറന്‍സും മറ്റ് ആനുകൂല്യങ്ങളും നല്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രൈസ് പ്രിഫറന്‍സ് അനുവദിക്കുന്ന 1974ലെ ഉത്തരവ് ചോദ്യം ചെയ്തു ചെറിയാന് വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ്, ബില്‍ഡേഴ്സ് അസോസിയേഷന് എന്നിവയടക്കമുള്ളവര് നല്കിയ ഹര്‍ജികളും അപ്പീലുകളും തള്ളിയാണ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
സ്വകാര്യ കോണ്‍ട്രാക്ട് കമ്പനികള്‍ നല്കുന്ന എറ്റവും കുറഞ്ഞ ടെൻഡര്‍ തുകയുടെ പത്തു ശതമാനം വരെ അധികം കോട്ട് ചെയ്താലും ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് കരാര്‍ നല്‍കണമെന്നാണു നിയമം.
ഇതുമായി ബന്ധപ്പട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ നിയമാനുസൃതമാണെന്നും കോടതി വ്യക്തമാക്കി. ലേബര്‍ കോണ്‍ട്രാക്ടുമായി ബന്ധപ്പെട്ട് ആറു സര്‍ക്കാര്‍ ഉത്തരവുകളാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്.