അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ്, സർഫിംഗ് ചാന്പ്യൻഷിപ്പുകളുടെ ലോഗോ പ്രകാശനം ചെയ്തു
Tuesday, March 5, 2024 1:05 AM IST
തിരുവനന്തപുരം: സാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശമായി കേരളത്തെ അടയാളപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന ‘ഇന്റർനാഷണൽ പാരാഗ്ലൈഡിംഗ് കോന്പറ്റീഷൻ 2024’, ഇന്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവൽ എന്നിവയുടെ ലോഗോ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു.
ഈ വർഷം കേരളം ആതിഥേയത്വം വഹിക്കുന്ന സാഹസിക വിനോദ ചാന്പ്യൻഷിപ്പുകളിൽ ആദ്യത്തേതായ ‘ഇന്റർനാഷണൽ പാരാഗ്ലൈഡിംഗ് കോന്പറ്റീഷൻ 2024’ ഇടുക്കിയിലെ വാഗമണിൽ ഈ മാസം 14 മുതൽ 17 വരെയാണ് നടക്കുക.
2024 കലണ്ടർ വർഷത്തെ ആദ്യത്തെ ദേശീയ സർഫിംഗ് ചാന്പ്യൻഷിപ്പാണ് വർക്കലയിൽ ഈ മാസം 29 മുതൽ 31 വരെ നടക്കുന്ന ഇന്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവൽ.
ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പോർട്സ് അഡ്വഞ്ചർ ഫെസ്റ്റിവലാണ് വാഗമണിലെ ഇന്റർനാഷണൽ പാരാഗ്ലൈഡിംഗ് കോന്പറ്റീഷൻ. 100ലധികം ദേശീയ-അന്തർദേശീയ പ്രശസ്തരായ ഗ്ലൈഡറുകൾ ഫെസ്റ്റിവലിൽ പങ്കെടുക്കും.
15ലധികം രാജ്യങ്ങൾ ഫെസ്റ്റിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ പാരാഗ്ലൈഡിംഗ് അന്താരാഷ്ട്ര ചാന്പ്യന്മാരും ലോകപ്രശസ്ത റൈഡർമാരും പരിപാടിയുടെ ഭാഗമാകും.
ഫ്രാൻസ്, ജർമനി, ഇറ്റലി, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, യുഎസ്, യുകെ, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നും ഡൽഹി, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മത്സരാർഥികൾ ഉണ്ടായിരിക്കും.