തൊഴിലിടങ്ങളില്‍ സുരക്ഷിതത്വ സംസ്കാരം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യം: മന്ത്രി വി. ശിവന്‍കുട്ടി
Tuesday, March 5, 2024 1:05 AM IST
കൊച്ചി: തൊഴിലിടങ്ങളില്‍ സുരക്ഷിതത്വ സംസ്കാരം വളര്‍ത്തി എടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇതിനായി സര്‍ക്കാര്‍, തൊഴിലുടമകള്‍, തൊഴിലാളികള്‍, വിവിധ സംഘടനകള്‍ എന്നിവരുടെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
എറണാകുളം ടൗണ്‍ഹാളില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 2023 വര്‍ഷത്തെ വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ്, ഫാക്ടറി ഗ്രേഡിംഗ് സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അപകടങ്ങളും പരിക്കുകളും തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ശാരീരികവും വൈകാരികവുമായ വലിയ കഷ്ടപ്പാടുകള്‍ മാത്രമല്ല, കാര്യമായ സാമ്പത്തിക ആഘാതവും ഉണ്ടാക്കുന്നുണ്ട്. നഷ്ടമായ ഉത്പാദനക്ഷമത, വര്‍ധിച്ചു വരുന്ന ആരോഗ്യസംരക്ഷണച്ചെലവ്, വ്യവസായത്തിന്റെ പ്രശസ്തിക്ക് ഏല്ക്കുന്ന കോട്ടം എന്നിവ ചില പരിണത ഫലങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് ഇന്‍സ്പെക്ടര്‍ ബി.ആര്. ഷിബു സുരക്ഷിതത്വ പ്രതിജ്ഞ ചൊല്ലി. ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന് പിള്ള, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് ചെയര്മാന് കെ.എന്‍. ഗോപിനാഥ്, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ എസ്. ശ്രീകല, കേരള സ്മോള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന് പ്രസിഡന്റ് എ. നിസാറുദ്ദീന്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നിതീഷ് ദേവരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.