സിദ്ധാർഥന്റെ മരണം : ഡീനിനെയും അസി. വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം
സ്വന്തം ലേഖകൻ
Monday, March 4, 2024 5:05 AM IST
തിരുവനന്തപുരം: എസ്എഫ്ഐ പീഡനത്തെത്തുടർന്ന് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥൻ കൊലചെയ്യപ്പെട്ട് രണ്ടാഴ്ച പിന്നിട്ട ശേഷം നടപടിയുമായി സംസ്ഥാന സർക്കാർ. സംഭവത്തിൽ ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയ ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി നിർദേശം നൽകി.
സംഭവവുമായി ബന്ധപ്പെട്ടു ഗുരുതര വീഴ്ചയുണ്ടായെന്നു കണ്ടെത്തിയ സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥിനെ, ചാൻസലർകൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തിരുന്നു. എസ്എഫ്ഐക്കാർ പ്രതികളായ കേസിൽ സർക്കാർ നിഷ്ക്രിയമാണെന്ന ആരോപണം വ്യാപകമായതിനു പിന്നാലെയാണ് സിപിഐ നിയന്ത്രിക്കുന്ന വകുപ്പ് നടപടിക്കു നിർദേശിച്ചത്.
വിസിയുടെ പകരം ചുമതല നൽകിയ പ്രഫ. പി.സി. ശശീന്ദ്രൻ ചുമതലയേറ്റ ശേഷമാകും ഡീനിനും അസിസ്റ്റന്റ് വാർഡനുമെതിരേ നടപടി സ്വീകരിക്കുകയെന്നു മൃഗസംരക്ഷണ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇവർക്കെതിരേ നടപടി സ്വീകരിക്കാൻ മുൻ വൈസ് ചാൻസലർ തയാറായിരിക്കേയാണ് അദ്ദേഹത്തിനെ ഗവർണർ സസ്പെൻഡ് ചെയ്തതെന്നാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്.
ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചുവെന്നും വാർഡൻ എന്ന നിലയിൽ ഡീൻ ഹോസ്റ്റലിൽ ഉണ്ടാകേണ്ടതായിരുന്നുവെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.