കുട്ടിയെ തട്ടിക്കൊണ്ടുപോകൽ ചുരുളഴിയുന്നു
Sunday, December 3, 2023 1:51 AM IST
എസ്.ആർ. സുധീർകുമാർ
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് കൊട്ടാരക്കര കോടതി റിമാൻഡ് ചെയ്തു. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാ രാജിൽ കെ.ആർ. പദ്മകുമാർ (52), ഭാര്യ എം.ആർ. അനിതാ കുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ് 15 വരെ റിമാൻഡ് ചെയ്തത്.
പദ്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും ഭാര്യയെയും മകളെയും തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി.
അന്യായമായി തടങ്കലിൽ വയ്ക്കൽ, തട്ടിക്കൊണ്ടുപോകൽ, മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകൽ, ജുവനൈൽ ജസ്റ്റീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് അന്വേഷണ ഉദ്യോഗസ്ഥർ തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും.
തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലിൽ അറസ്റ്റിലായ പ്രതികളെ വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് അടൂർ കെഎപി ക്യാമ്പിൽ എത്തിച്ച് ചോദ്യംചെയ്തത്. എഡിജിപി എം.ആർ. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ആദ്യഘട്ട ചോദ്യംചെയ്യൽ പുലർച്ചെ മൂന്നു വരെ നീണ്ടു. ഇന്നലെ രാവിലെ 8.30 മുതൽ വീണ്ടും ചോദ്യം ചെയ്യൽ തുടങ്ങി. 9.30ന് മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ഉച്ചയ്ക്ക് 12.15ഓടെ പ്രതികളെ മുഖം മറച്ച് വൻ പോലീസ് അകമ്പടിയോടെ പൂയപ്പള്ളി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇവരെ അനുഗമിച്ചു. 12.55 ന് പ്രതികളെ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
കേസ് രജിസ്റ്റർ ചെയ്തത് ഈ സ്റ്റേഷനിലായതിനാൽ അറസ്റ്റ് സംബന്ധിച്ച തുടർ നടപടികളും റിമാൻഡ് റിപ്പോർട്ടും തയാറാക്കി ഉച്ചകഴിഞ്ഞ് 2.15ന് പ്രതികളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഉച്ചകഴിഞ്ഞു 3.15ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി. പത്തു മിനിറ്റിനുള്ളിൽ കോടതി നടപടികൾ പൂർത്തിയായി. പ്രതികൾക്കുവേണ്ടി രണ്ട് അഭിഭാഷകർ കോടതിയിൽ ഹാജരായി.
ലളിത എന്ന ബന്ധുവാണ് മൂന്നുപേരുടെയും വക്കാലത്തിൽ ഒപ്പിട്ടിട്ടുള്ളത്. പോലീസിന്റെ കസ്റ്റഡി അപേക്ഷയിൽ കോടതിയുടെ തീരുമാനം വന്നശേഷം ജാമ്യാപേക്ഷ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകരും വ്യക്തമാക്കി.
മൂന്നു പ്രതികൾ മാത്രം: എഡിജിപി

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇപ്പോൾ അറസ്റ്റിലായ മൂന്നുപേർ മാത്രമെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. കുറ്റകൃത്യത്തിൽ നാലാമൻ ഇല്ലന്നും അദ്ദേഹം അസന്നിഗ്ധമായി പറഞ്ഞു.
കാറിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനും മാത്രമാണ് ഉണ്ടായിരുന്നതെന്നു കുട്ടിയും മൊഴിയും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടിയെ കണ്ടെത്തുക എന്നതായിരുന്നു പോലീസിന്റെ ഏറ്റവും വലിയ ദൗത്യം.
തട്ടിക്കൊണ്ടുപോയി അടുത്ത ദിവസംതന്നെ കുട്ടിയെ ഉപേക്ഷിക്കേണ്ടിവന്നത് അന്വേഷണ സംഘം നടത്തിയ ശക്തമായ സമ്മർദത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.കോവിഡിനുശേഷം അഞ്ച് കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്ന പദ്മകുമാറും സംഘവും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഒരു വർഷം മുമ്പേ പദ്ധതി തയാറാക്കിയിരുന്നു. പിന്നീട് അതിൽനിന്ന് അൽപ്പം പിന്നാക്കം പോയി. ഒന്നരമാസം മുമ്പ് പദ്മകുമാറിന് അടിയന്തരമായി പത്ത് ലക്ഷം രൂപയുടെ ആവശ്യം വന്നു.
പലരോടും കടം ചോദിച്ചെങ്കിലും കിട്ടിയില്ല. തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ ചിന്ത വീണ്ടും സജീവമായത്. അതിനായി കുടുംബം, ഒറ്റപ്പെട്ടതും വിജനവുമായ സ്ഥലത്ത് തട്ടിയെടുക്കാൻ സൗകര്യമുള്ള കുട്ടികളെ അന്വേഷിച്ച് കറങ്ങിനടക്കുകയായിരുന്നു. അങ്ങനെയാണ് ഓയൂരിലെ കുട്ടികളെ ശ്രദ്ധിച്ചത്. പിന്നീട് അവരെ ലക്ഷ്യം വച്ചു.
തട്ടിക്കൊണ്ടുപോകൽ നടന്നതിനുമുമ്പ് ഇവർ രണ്ടുതവണ ഇതിനായി ശ്രമിച്ചെങ്കിലും അമ്മയും മുത്തശിയും കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്നതിനാൽ ശ്രമം വിഫലമാകുകയായിരുന്നുവെന്നും എഡിജിപി പറഞ്ഞു.
അനുപമ വൈറൽ താരം

നവമാധ്യമങ്ങളിലെ മിന്നും താരമാണ് അറസ്റ്റിലായ അനുപമ. യൂടൂബിൽ യുവതിക്ക് അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. ഇൻസ്റ്റഗ്രാമിൽ 14,000 ഫോളോവേഴ്സും ഉണ്ട്. യൂടൂബിൽ 381 വീഡിയോകളും അപ്ലോഡ് ചെയ്തിട്ടുണ്ട്.
ഇതിൽ പദ്മകുമാറിന്റെ ചിറക്കരയിലെ ഫാം ഹൗസിൽ നടന്ന റമ്പൂട്ടാൻ വിളവെടുപ്പിന്റെ വീഡിയോയും ഉൾപ്പെടും. പഠിക്കാൻ മിടുക്കിയായിരുന്നുവെന്നും എല്ലാ വിഷയങ്ങൾക്കും ഉയർന്ന മാർക്ക് ലഭിച്ചിരുന്നുവെന്നും ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുമായിരുന്നുവെന്നും സഹപാഠികൾ പറഞ്ഞു.
ബുദ്ധികേന്ദ്രം അനിതകുമാരി
കുട്ടികളെ തട്ടിക്കൊണ്ടുപോയാൽ പെട്ടെന്ന് പണം ഉണ്ടാക്കാമെന്ന ബുദ്ധി പദ്മകുമാറിന്റെ ഭാര്യ അനിതകുമാരിയുടെ ചിന്തയിൽ ഉദിച്ചതാണെന്ന് സംശയിക്കുന്നതായി എഡിജിപി പറഞ്ഞു. പദ്മകുമാറിന്റെ അമ്മയും മകളും ഇതിനോടു യോജിച്ചില്ല. അമ്മ പിന്നീട് മരണമടഞ്ഞു.
ബിഎസ്സി കംപ്യൂട്ടർ സയൻസ് കോഴ്സിനു ചേർന്ന മകൾ അനുപമയ്ക്ക് യൂട്യൂബിൽനിന്ന് അഞ്ച് ലക്ഷം രൂപവരെ പ്രതിഫലമായി ലഭിക്കുമായിരുന്നു. കംപ്യൂട്ടർ കോഴ്സ് തുടർന്നില്ല. എൽഎൽബിക്ക് ചേരാനായിരുന്നു താത്പര്യം. ഇതിനിടെ കഴിഞ്ഞ ജൂലൈ മുതൽ യൂടൂബിൽനിന്നുള്ള വരുമാനം നിലച്ചു. അതിനുശേഷമാണ് കുട്ടിയെ തട്ടിയെടുക്കൽ നീക്കത്തെ പിന്തുണച്ച് മാതാപിതാക്കൾക്കൊപ്പം ചേർന്നു.
കുട്ടിയെ തട്ടിക്കൊണ്ടുവന്ന ശേഷം പദ്മകുമാറും ഭാര്യ അനിതകുമാരിയും ഓട്ടോറിക്ഷയിൽ പാരിപ്പള്ളി കുളമടയിലുള്ള കടയിലെത്തി. അവിടെ വച്ച് കടയുടമയായ സ്ത്രീയുടെ ഫോണിൽനിന്ന് കുട്ടിയുടെ അമ്മെയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത് അനിത കുമാരിയായിരുന്നു. ഈ ശബ്ദശകലം പിന്നീട് ഇവരുടെ ബന്ധുക്കളും ജനപ്രതിനിധികളും തിരിച്ചറിയുകയും ചെയ്തു. കുട്ടിയിൽനിന്ന് അമ്മയുടെ ഫോൺ നമ്പർ വാങ്ങിയതും ഇവർതന്നെ.
കുട്ടിക്ക് ഉറങ്ങാൻ മരുന്നു നൽകി
തട്ടിക്കൊണ്ടുപോയ ദിവസം രാത്രി കുട്ടിക്ക് ഉറങ്ങാൻ മരുന്നു നൽകിയതായി പദ്മകുമാറിന്റെ മൊഴി. പനിയുണ്ടെന്നു പറഞ്ഞ് ഡോളോ എന്ന ഗുളികയാണു നൽകിയത്.
തട്ടിക്കൊണ്ടുപോയതിനു ശേഷം കുട്ടിയെ കൊണ്ടുവന്നത് പദ്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിൽത്തന്നെയെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. കുട്ടിയുടെ ബാഗും ഇവർ നശിപ്പിച്ചു. ഇത് എവിടെ ഉപേക്ഷിച്ചു എന്നത് വ്യക്തമല്ല.
കുട്ടി കരഞ്ഞപ്പോൾ പേടിക്കേണ്ട, അച്ഛന്റെ സുഹൃത്തുക്കളാണ് തങ്ങളെന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. കാറിന്റെ നമ്പർ പ്ലേറ്റ് ഒരു വർഷംമുമ്പാണ് പദ്മകുമാർ സംഘടിപ്പിച്ചത്. കൊല്ലം പള്ളിമുക്കിലെ കടയിലാണ് ഇതു നിർമിച്ചത്. ചിറക്കര സ്വദേശിയാണ് നമ്പർപ്ലേറ്റ് നിർമിച്ചു നൽകിയത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തങ്കിലും പിന്നീട് വിട്ടയച്ചു. മറ്റൊരു വ്യാജനമ്പർ പ്ലേറ്റ് കൂടി പദ്മകുമാർ സംഘടിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികൾ പിടിയിലായത് കേരള ഹോട്ടലിൽനിന്ന്

കൊല്ലം: പ്രതികളെ പോലീസ് പിടികൂടിയത് തെങ്കാശി പുളിയറ പുതൂരിലെ ‘കേരള ഹോട്ടലിൽ’ നിന്ന്. ഇവർ ഉച്ചയൂണ് കഴിക്കവേയാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ സ്പെഷൽ സ്ക്വാഡ് അവിടെയെ ത്തിയത്. പത്തനാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കേരള ഹോട്ടൽ എന്ന് പേരുള്ള കട. കടയുടമ അപ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നില്ല.
പോലീസ് സംഘം ഇവരെ ചോദ്യംചെയ്തങ്കിലും ഒന്നും വ്യക്തമായി പറഞ്ഞില്ല. സംശയം തോന്നിയ പോലീസ് സംഘം മൂന്നു പേരുടെയും ചിത്രങ്ങൾ എടുത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു കൈമാറി.
തുടർന്ന് ഈ ചിത്രങ്ങൾ തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയെ കാണിച്ച് പ്രതികൾ തന്നെയെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇവരെയും നീല കാറും കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്, പണം എന്നിവയും പിടിച്ചെടുത്തു. ഇവർക്കൊപ്പം തമിഴ്നാട് സ്വദേശിയായ യുവാവും ഉണ്ടായിരുന്നു.
പദ്മകുമാറിന്റെ തെങ്കാശിയിലെ ഫാം ഹൗസ് നോക്കി നടത്തുന്നത് ഈ യുവാവാണ്. ഇയാളുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. യുവാവിന്റെ സഹായത്തോടെ തെങ്കാശിയിൽ സുരക്ഷിതമായി വാടകവീട് സംഘടിപ്പിക്കാനായിരുന്നു പദ്മകുമാറും കുടുംബവും ലക്ഷ്യമിട്ടത്.
കുട്ടിയുടെ അച്ഛനു ബന്ധമില്ല
കൊല്ലം: ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസുമായി കുട്ടിയുടെ അച്ഛന് ഒരു തരത്തിലുമുള്ള ബന്ധവുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ഇദ്ദേഹത്തിൽനിന്ന് പല തവണ പോലീസ് മൊഴിയെടുത്തിട്ടുണ്ട്. അത് ചില കാര്യങ്ങളിൽ വ്യക്തത വരുത്താനായിരുന്നു. ഒരിക്കൽ പോലും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലന്നും പോലീസ് പറഞ്ഞു.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചിലർക്ക് ഇദ്ദേഹത്തോട് ശത്രുത ഉണ്ടായിരുന്നു എന്ന് പ്രചാരണമുണ്ടായി. റിക്രൂട്ടിംഗ് തട്ടിപ്പ്, നഴ്സുമാരുടെ സംഘടനയിലെ തർക്കങ്ങൾ എന്നിവയും സംശയിക്കപ്പെട്ടങ്കിലും അവയിലൊന്നും കഴമ്പില്ലെന്നും പോലീസ് പറഞ്ഞു.
റിയൽ ഹീറോസ് കുട്ടികൾ
തട്ടിക്കൊണ്ടുപോകൽ കേസിലെ റിയൽ ഹീറോസ് കുട്ടികൾ തന്നെയാണെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. കുട്ടിയുടെ സഹോദരനാണ് ഒന്നാമൻ. സഹോദരന്റെ ചെറുത്തുനിൽപ്പും ബുദ്ധിയും പ്രതികളെ ഞെട്ടിച്ചു.
ആറു വയസുകാരിതന്നെ രണ്ടാം ഹീറോ. കാറിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നു കുട്ടി കൃത്യമായി മനസിലാക്കി. സംഘത്തിലെ ഒരു യുവതിയുടെ കണ്ണിന് താഴെയുള്ള കറുത്ത മറുകുപോലും കുട്ടിയുടെ മനസിൽ മായാതെ നിന്നു.
ഇതൊക്കെ കുട്ടി നന്നായി പറഞ്ഞുകൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ രേഖാചിത്രം തയാറാക്കിയത്. അത് അന്വേഷണത്തിന് വളരെ സഹായകമായി. അതുകൊണ്ടുതന്നെ രേഖാചിത്രം തയാറാക്കിയ വ്യക്തിയാണ് മൂന്നാമത്തെ ഹീറോയെന്നും എഡിജിപി പറഞ്ഞു.
ഓയൂരിലെ കുട്ടിയുടെ സഹോദരനെയും ബന്ധുക്കളെയും അന്വേഷണ ഉദ്യോഗസ്ഥർ കൊട്ടാരക്കര റൂറൽ പോലീസ് ഓഫീസിൽ വിളിച്ചു വരുത്തി അഭിനന്ദിച്ചു. കുട്ടിയുടെ സഹോദരന് മെമന്റോയും കൈമാറി.