കടബാധ്യത: മുൻ ക്ഷീരകർഷകൻ ജീവനൊടുക്കി
Sunday, December 3, 2023 1:28 AM IST
പയ്യാവൂർ: ലക്ഷങ്ങളുടെ കടബാധ്യതയെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ മുൻ ക്ഷീരകർഷകൻ ജീവനൊടുക്കി. ചീത്തപ്പാറ മറ്റത്തിൽ ജോസഫിനെ (തങ്കച്ചൻ-57) യാണ് ഇന്നലെ രാവിലെ വീട്ടുപറമ്പിലെ റബർമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറ്റവും കൂടുതൽ പാൽ അളന്ന മികച്ച ക്ഷീരകർഷകനുള്ള ഇരിക്കൂർ ബ്ലോക്ക്തല അവാർഡ് ഏതാനും വർഷംമുമ്പ് ഇദ്ദേഹത്തിനു ലഭിച്ചിരുന്നു.
നിലവിൽ ചന്ദനക്കാംപാറ ചാപ്പക്കടവിൽ ചിക്കൻ സ്റ്റാളും ഇറച്ചി വില്പനയ്ക്കുള്ള കോൾഡ് സ്റ്റോറേജും നടത്തിവരികയായിരുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായാണു വിവരം.
പയ്യാവൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരത്തോടെ പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ സംസ്കരിച്ചു.
ഭാര്യ ഏലിയാമ്മ ആടാംപാറ തോട്ടുപുറത്ത് കുടുംബാംഗം. മക്കൾ: ജിമിനീഷ്, ജിജേഷ്. മരുമക്കൾ: വിജിലി കാവുംപുറത്ത് (ചെങ്ങളായി), ഷിജിന പുതുപ്പറമ്പിൽ (ചീമേനി).