ആരോഗ്യ വെല്ലുവിളി നേരിടുന്നതിൽ ആയുർവേദം വലിയ പ്രത്യാശ നൽകുന്നെന്ന് ഉപരാഷ്ട്രപതി
Saturday, December 2, 2023 2:10 AM IST
തിരുവനന്തപുരം: ആധുനികകാലത്തെ സങ്കീർണമായ ആരോഗ്യ വെല്ലുവിളികൾ നേരിടുന്നതിൽ ആയുർവേദ ചികിത്സ വലിയ പ്രത്യാശയാണു നല്കുന്നതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ.
അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെൽ (ജിഎഎഫ്-2023) ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. സുസ്ഥിരമായ ആരോഗ്യ പരിരക്ഷാ സംവിധാനം എന്ന നിലയിലാണ് ആയുർവേദം പ്രസക്തമാകുന്നത്. രാജ്യത്ത് വെൽനസ് ടൂറിസം പ്രോത്സാഹനത്തിന് ആയുർവേദത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തണം.
ആയുഷ് മന്ത്രാലയം സ്ഥാപിച്ചതും ദേശീയ വിദ്യാഭ്യാസനയത്തിൽ ആയുർവേദത്തെ ഉൾക്കൊള്ളിച്ചതും ദേശീയ ആയുർവേദ ദിനാചരണത്തിന് പ്രാധാന്യം നൽകിയതും ഈ മേഖലയോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ്. കോവിഡ് കാലത്ത് ആയുർവേദ മേഖലയുടെ സംഭാവന അമൂല്യമായിരുന്നുവെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ആയുർവേദരംഗത്തെ സംഭാവനകൾക്ക് കോയന്പത്തൂർ ആര്യവൈദ്യ ഫാർമസി നൽകുന്ന ബ്രിഹത്രയി രത്ന പുരസ്കാരം വൈദ്യ സദാനന്ദ് പ്രഭാകർ സർദേശ്മുഖിന് ഉപരാഷ്ട്രപതി സമ്മാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം കേന്ദ്രമന്ത്രി വി. മുരളീധരൻ ചടങ്ങിൽ വായിച്ചു.