കരുവന്നൂര്‍: ആധാരം തിരിച്ചു കൊടുക്കാൻ നടപടി വേണമെന്ന് ഹൈക്കോടതി
Thursday, October 5, 2023 2:20 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്നെടുത്ത വായ്പകള്‍ തിരിച്ചടച്ച വ്യക്തി ആധാരം തിരിച്ചുകിട്ടാന്‍ അപേക്ഷ നല്കിയാല് ബാങ്ക് അധികൃതര്‍ ഇതിനുള്ള നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ബാങ്ക് അപേക്ഷ നല്കിയാല് പിടിച്ചെടുത്ത ആധാരം തിരികെ നല്കുന്ന കാര്യം പരിശോധിച്ചു തീരുമാനിക്കാമെന്ന് ഇഡി അറിയിച്ചതനുസരിച്ചാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്. കരുവന്നൂര്‍ ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ അടച്ചു തീര്‍ത്തിട്ടും ആധാരം തിരികെ നല്‍കുന്നില്ലെന്നാരോപിച്ച് തൃശൂര്‍ കാരളം സ്വദേശി ഫ്രാന്‍സിസ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സതീഷ് നൈനാന് ഈ നിര്‍ദേശം നല്‍കിയത്.
അമ്പത് സെന്റ് വസ്തു പണയപ്പെടുത്തി ഹര്ജിക്കാരന് കരുവന്നൂര്‍ ബാങ്കില്‍നിന്ന് രണ്ടു വായ്പകളാണെടുത്തത്. ഇവ കഴിഞ്ഞ ഡിസംബറില്‍ അടച്ചുതീര്‍ത്തു. എന്നിട്ടും ഭൂമിയുടെ ആധാരം തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി.
ആധാരം തിരികെ ചോദിച്ചപ്പോള്‍ ഇഡിയുടെ കസ്റ്റഡിയിലാണെന്നാണ് ബാങ്ക് അധികൃതര്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് ഈ വിഷയത്തില്‍ ഹൈക്കോടതി ഇഡിയുടെ വിശദീകരണം തേടിയിരുന്നു.
ഹര്‍ജിക്കാരന്റെ ആധാരം നേരിട്ടു കൈമാറാന്‍ കഴിയില്ലെന്നും ആധാരം വിട്ടുകിട്ടാന്‍ ബാങ്ക് അപേക്ഷ നല്കിയാല് പരിശോധിച്ചു തിരിച്ചു നല്‍കേണ്ടതാണെങ്കില്‍ നല്‍കാമെന്നും ഇഡി വിശദീകരിച്ചു. എന്നാല്‍ ഹര്ജിക്കാരന് ആധാരം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടില്ലെന്ന് കരുവന്നൂര്‍ ബാങ്ക് അധികൃതരും വ്യക്തമാക്കി.
തുടര്‍ന്നാണ് ഹര്ജിക്കാരന് അപേക്ഷ ബാങ്കിനു നല്‍കാനും ഇതനുസരിച്ച് ബാങ്ക് ആധാരം ആവശ്യപ്പെട്ട് ഇഡിക്ക് അപേക്ഷ നല്‍കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്. ബാങ്കിന്റെ അപേക്ഷയില്‍ ഇഡി മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.