കമ്പമലയില്‍ മൂന്നാം തവണയും മാവോയിസ്റ്റുകളെത്തി
Thursday, October 5, 2023 2:15 AM IST
തലപ്പുഴ: ഒരാഴ്ചയ്ക്കിടെ മൂന്നാമതും കമ്പമലയില്‍ മാവോയിസ്റ്റുകളെത്തി. കഴിഞ്ഞയാഴ്ച കമ്പമല കെഎഫ്ഡിസി ഓഫീസ് തകര്‍ത്ത മാവോയിസ്റ്റ് സംഘംതന്നെയാണു വീണ്ടും എത്തിയതെന്നാണു സൂചന.
കമ്പമല എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്ന എസ്റ്റേറ്റ് പാടിക്കു സമീപമാണ് ഇന്നലെ രാത്രിയോടെ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയത്. തൊഴിലാളികൾക്ക് ഇവർ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ വീടുകളിൽ താമസിച്ചാൽ കാൻസർരോഗികൾ ആകുമെന്നും അതിനാൽ പുതിയ വീടുകൾ നിർമിച്ചു നൽകണമെന്നും ലഘുലേഖയിൽ ആവശ്യപ്പെട്ടു.
സമീപത്ത് സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകളും മാവോയിസ്റ്റ് സംഘം അടിച്ചു തകർത്തു. തണ്ടര്‍ബോള്‍ട്ട് അടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഞായറാഴ്ച വൈകുന്നേരം തലപ്പുഴ പുതിയിടത്തും അഞ്ചംഗ സംഘം എത്തിയിരുന്നു. രണ്ടു വീടുകളിൽ സന്ദർശനം നടത്തിയ ഇവർ ഇവിടെനിന്നു ഭക്ഷ്യസാധനങ്ങൾ ശേഖരിച്ചാണു തിരികെ പോയത്.