അനിൽ കുമാറിന്റെ നിലപാട് സിപിഎമ്മിന്റേതല്ല: എം.വി. ഗോവിന്ദൻ
Wednesday, October 4, 2023 12:56 AM IST
തളിപ്പറന്പ്: ‘തട്ടം’ വിവാദത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിനെ തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അനിൽകുമാറിന്റെ പരാമർശം പാർട്ടിയുടെ നിലപാടിൽനിന്നു വ്യത്യസ്തമാണെന്നും ഇത്തരത്തിലുള്ള ഒരു പരാമർശവും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും ഗോവിന്ദൻ പറഞ്ഞു. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണ്.
ഹിജാബ് വിഷയം ഉയർന്നുവന്നപ്പോൾത്തന്നെ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും എം.വി. ഗോവിന്ദൻ തളിപ്പറന്പിൽ മാധ്യമങ്ങളോടു പറഞ്ഞു. “വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണ്. ഭരണഘടന ഉറപ്പുനൽകുന്ന ഒരു കാര്യംകൂടിയാണ്.
ഹിജാബ് പ്രശ്നം ഉയർന്നുവന്ന ഘട്ടത്തിൽത്തന്നെ പാർട്ടിയുടെ നിലപാട് എന്താണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും അതു വ്യക്തമാക്കിയിട്ടുണ്ട്. വസ്ത്രധാരണത്തിനുള്ള അവകാശത്തിലേക്കു കടന്നുകയറേണ്ട ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ട കാര്യമില്ല.
അതുകൊണ്ട് വസ്ത്രം ധരിക്കുന്നവർ ഈ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ എന്നു നിർദേശിക്കാനോ അതിന്റെ പേരിൽ വിമർശിക്കാനോ സിപിഎം തയാറല്ല”- എം.വി.ഗോവിന്ദൻ പറഞ്ഞു.