യൂത്ത് കോണ്ഗ്രസ് ഭാരവാഹി പ്രഖ്യാപനം ഉടൻ
തോമസ് വർഗീസ്
Monday, October 2, 2023 5:06 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ യൂത്ത് കോണ്ഗ്രസ് മെന്പർഷിപ്പ് പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നും പിന്നീട് പുതുപ്പള്ളി തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെയും മുൻ നിശ്ചയിച്ചതിൽനിന്നും കുറച്ചു കൂടി ദിവസങ്ങൾക്കു ശേഷമാണ് മെന്പർഷിപ്പ് ചേർക്കലും വോട്ടിംഗും അവസാനിച്ചത്. കോട്ടയം ജില്ലയിൽ സെപ്റ്റംബർ15നും മറ്റു13 ജില്ലകളിൽ സെപ്റ്റംബർ 12നും മെന്പർഷിപ് ചേർക്കലും വോട്ടെടുപ്പും പൂർത്തിയായി.
മെന്പർഷിപ്പ് ചേർക്കൽ സമയത്തു തന്നെ വോട്ട് ചെയ്യുന്ന രീതി ആയതിനാൽ ഗ്രൂപ്പ് തിരിഞ്ഞ് വ്യാപകമായി മെന്പർഷിപ്പ് ചേർക്കൽ നടന്നു. 7,69,277 പേരാണ് യൂത്ത് കോണ്ഗ്രസ് പ്രാഥമിക അംഗത്വം എടുത്തത്. ഇവർ സംസ്ഥാന പ്രസിഡന്റ് മുതൽ മണ്ഡലം പ്രസിഡന്റ് വരെയുള്ളവർക്ക് വോട്ട് ചെയ്തു. ഇത്തരത്തിൽ പ്രാഥമിക അംഗത്വം എടുത്തവരുടെ പട്ടിക ഉടൻതന്നെ പ്രസിദ്ധീകരിക്കും.
പ്രാഥമിക അംഗത്വത്തിനായി അപേക്ഷിച്ചപ്പോൾ കൃത്യമായ രേഖകൾ സമർപ്പിക്കാത്തവരുടെ മെന്പർഷിപ്പുകൾ ഒഴിവാക്കിയാവും കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
ഈ ലിസ്റ്റ് സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് അത് ബോധ്യപ്പെടുത്താൻ ഒരാഴ്ച അവസരം നല്കും. തുടർന്നാവും അന്തിമ അംഗത്വ പട്ടിക പ്രസിദ്ധീകരിക്കലും അതിനു ശേഷം വോട്ടെണ്ണൽ നടപടികളും.
ഈ മാസം അവസാനത്തോടെ വോട്ടെണ്ണൽ പൂർത്തിയായി മണ്ഡലംതലം മുതൽ സംസ്ഥാനതലം വരെ യൂത്ത് കോണ്ഗ്രസിനു പുതിയ നേതൃത്വം ഉണ്ടായേക്കും.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടവും അബിൻ വർക്കിയും തമ്മിലാണ് പ്രധാന മത്സരം. പ്രസിഡന്റ് സ്ഥാനത്തേക്ക് ആകെ 13 പേരാണ് രംഗത്തുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ആൾ പ്രസിഡന്റ്, തൊട്ടുപിന്നിൽ വരുന്ന ആൾ വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും സംവരണവും ഉണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 205 പേരാണ് മത്സരിക്കുന്നത്.