വൈദ്യുതി നിരക്ക് വർധന ഉടനില്ല
Saturday, September 30, 2023 1:28 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർധന ഉടൻ ഇല്ല. ഒക്ടോബർ മാസവും നിലവിലെ താരിഫ് പ്രകാരമുള്ള നിരക്കുതന്നെ തുടരുമെന്ന് വ്യക്തമാക്കി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി.
താരിഫ് വർധനയ്ക്ക് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെങ്കിലും പെൻഷനുവേണ്ടി കെഎസ്ഇബി മാസ്റ്റർ ട്രസ്റ്റിലേക്ക് നൽകുന്ന പണം നിരക്ക് വർധനയ്ക്കുള്ള ഘടകമായി പരിഗണിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ നിരക്കുവർധന ആവശ്യപ്പെട്ട് കെഎസ്ഇബി ഫെബ്രുവരിയിൽ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ കുറച്ച് ആഴ്ചകൾകൂടി വേണമെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ നിലപാട്. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണം എന്നാണ് കെഎസ്ഇബിയുടെ നിലപാട്.