കാഴ്ചപരിമിതിയെ മറികടന്ന ഫെബിൻ മറിയത്തിന് സ്വപ്നനേട്ടം
Saturday, September 30, 2023 1:28 AM IST
തിരുവനന്തപുരം: പതിനേഴാം വയസിൽ കാഴ്ച നഷ്ടമായ തിരുവല്ലം സ്വദേശിനി ഫെബിൻ മറിയം ജോസ് (31) തന്റെ പരിമിതികളെ തരണം ചെയ്തു പഠിച്ചിറങ്ങിയ കലാലയത്തിൽ അധ്യാപികയായി എത്തുന്പോൾ പരിമിതികൾ സ്വപ്നനേട്ടങ്ങൾക്കു തടസമല്ലെന്നു തെളിയിക്കുന്നു.
തിരുവനന്തപുരം വിമൻസ് കോളജിൽ ഫിലോസഫി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറായി ചുമതലയേറ്റ ഫെബിൻ തന്റെ ഏറെ നാളത്തെ ആഗ്രഹം സഫലീകരിച്ചു.
കേരളത്തിൽ ഫിലോസഫി വിഭാഗത്തിൽ കാഴ്ചപരിമിതിയുള്ള ആദ്യ അധ്യാപിക എന്ന നേട്ടവും ഇതോടെ ഫെബിനു സ്വന്തം. പ്ലസ് ടു പഠനകാലം വരെ സൗദിയിലായിരുന്നു ഫെബിനും കുടുംബവും അവിടെ വച്ചു ചിക്കൻപോക്സ് പ്രതിരോധ വാക്സിൻ എടുത്തതിനെ തുടർന്നാണു നാഡീവ്യവസ്ഥകളെ തകർക്കുന്ന ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് ഫെബിനു കാഴ്ച നഷ്ടപ്പെടുന്നത്. വർഷങ്ങളെടുത്തു ചികിത്സിച്ചെങ്കിലും കാഴ്ച തിരികെ ലഭിച്ചില്ല.
പാതിവഴിയിൽ ഉപേക്ഷിച്ച പഠനവുമായി നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഇനി തുടർന്നു പഠിക്കാൻ കഴിയില്ലെന്നു കരുതിയ ഫെബിൻ വീട്ടിലിരുന്നു പഠിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ് സ്കൂളിൽ നിന്നും ഹ്യൂമാനിറ്റീസിൽ പ്ലസ് ടു പാസായി. 2012ൽ സ്പെഷൽ കാറ്റഗറിയിൽ വിമൻസ് കോളജിൽ ബിഎ ഫിലോസഫിക്കു ചേർന്നു.
2015ൽ ബിഎ ഫിലോസഫിയിൽ കേരള സർവകലാശാലയിലെ ടോപ്പറായ ഫെബിൻ വിമൻസ് കോളജിൽ നിന്നും ഫിലോസഫിയിൽ എംഎയും പൂർത്തീകരിച്ചു. 2018ൽ നെറ്റ് പാസായി 2021ൽ പിഎസ്സി അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കു പരീക്ഷ എഴുതി അഭിമുഖവും കഴിഞ്ഞു ഷോർട്ട് ലിസ്റ്റിൽ ഇടംപിടിച്ചു.
പഠിച്ചിറങ്ങിയ കോളജിൽ പഠിപ്പിക്കാൻ എത്തിയതിന്റെ സന്തോഷത്തിലാണ് ഫെബിൻ. പഠനകാലത്തു ക്ലാസുകൾ ശ്രദ്ധിച്ചു കേൾക്കുമായിരുന്നു. ക്ലാസിൽനിന്ന് എഴുതിക്കൊണ്ടു പോകുന്ന നോട്ടുകൾ വീട്ടിലെത്തുന്പോൾ അമ്മ തിരുത്തി എഴുതും. പഠിപ്പിച്ച അധ്യാപകരും ഏറെ സഹായിച്ചു. പരീക്ഷാസമയങ്ങളിൽ സുഹൃത്തുക്കളാണു സഹായിച്ചിരുന്നത്. എല്ലാ പരീക്ഷകളും ഉയർന്ന മാർക്കോടെ പാസായി.
സൗദിയിൽനിന്നു നാട്ടിൽ എത്തിയപ്പോൾ നിരാശയായിരുന്നു. ആ സമയങ്ങളിൽ കരുത്തു പകർന്നത് അമ്മയാണ്. പാതിയിൽ നിന്നുപോയ പഠനം തുടരാൻ കാരണവും അമ്മതന്നെ. കേരള യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി പ്രീ സബ്മിഷന്റെ തയാറെടുപ്പിലാണ് ഫെബിൻ. അച്ഛൻ ജോണ് ജോസ് ഫിനാൻസ് കണ്ട്രോളറായി സൗദിയിൽ ജോലിചെയ്യുന്നു. സഹോദരി ഫ്ളെമിൻ അന്നാ ജോസ്.