നെല്ലറയുടെ കാവലാൾ
Friday, September 29, 2023 3:07 AM IST
കോട്ടയം: കേരളത്തിന്റെ നെല്ലറയെന്ന് അറിയപ്പെടുന്ന കുട്ടനാടിന്റെ കാർഷിക പ്രതാപം ഒരിക്കലും നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച ശാസ്ത്രപ്രതിഭയായിരുന്നു ഡോ. എം.എസ്. സ്വാമിനാഥൻ.
സ്വന്തം മണ്ണായ മങ്കൊന്പിലെ നെല്ലുഗവേഷണകേന്ദ്രം പച്ചപിടിക്കുന്നതിൽ എക്കാലത്തും സ്വാമിനാഥന്റെ കരുതലുണ്ടായിരുന്നു. അവിടത്തെ ഗവേഷകർക്ക് ആവോളം പ്രോത്സാഹനം നൽകാനും സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹം ശ്രദ്ധവച്ചു.
കേരളത്തിൽ 80 ശതമാനം പാടങ്ങളിലും കൃഷി ചെയ്യുന്ന ഉമ ഉൾപ്പെടെ അത്യുത്പാദനശേഷിയുള്ള നെല്ലിനങ്ങൾ മങ്കൊന്പ് ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ചപ്പോൾ ആവോളം അഭിനന്ദനങ്ങൾ ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് സ്വാമിനാഥൻ നൽകിയതായി മങ്കൊന്പ് നെല്ലു ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയും മുൻ മേധവിയുമായ ഡോ. എസ്. ലീനാകുമാരി ഓർമിക്കുന്നു.
കുട്ടനാട് പാക്കേജിൽ മങ്കൊന്പ് ഗവേഷണകേന്ദ്രത്തിനു വിപുലമായ സംവിധാനവും സൗകര്യവും ഒരുക്കുന്നതിലേക്ക് അർഹമായ തുക മാറ്റിവയ്ക്കുകയും ചെയ്തു. ഇവിടത്തെ ഗവേഷകരെ നേരിൽ വിളിക്കുകയും വേണ്ടത്ര നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.