‘പിവി’ പിണറായി വിജയന്; മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് മാത്യു കുഴൽനാടൻ
Friday, September 22, 2023 7:16 AM IST
കൊച്ചി: ‘പിവി’ എന്നത് താനല്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും അതു പിണറായി വിജയന് തന്നെയാണെന്നും മാത്യു കുഴല്നാടന് എംഎല്‍എ. ആദായനികുതി വകുപ്പിന്റെ ഇന്റ റിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ‘പിവി’ എന്ന ചുരുക്കപ്പേര് പിണറായി വിജയന് എന്നുതന്നെയാണ് പറഞ്ഞിട്ടുള്ളത്.
മാത്രമല്ല, വീണയ്ക്ക് 1.72 കോടി രൂപ നല്‍കിയത് പ്രമുഖനായ വ്യക്തിയുടെ മകള്‍ എന്ന നിലയിലാണെന്നും ഇദ്ദേഹത്തിന് മുന്‍പ് വലിയ തുക കൈമാറിയിട്ടുണ്ടെന്നുമുള്ള സിഎംആര്‍എല്‍ കമ്പനിയുടെ വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്.
പിവി എന്നത് പിണറായി വിജയനാണെന്ന് ബോധ്യപ്പെടാന്‍ ഇതില്‍ കൂടുതല്‍ തെളിവിന്റെ ആവശ്യമില്ല. മറിച്ചു തെളിയിക്കാനായാല്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്നും കൊച്ചി ഡിസിസി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കുഴല്നാടന് പറഞ്ഞു.
കരിമണല്‍ കമ്പനിയില്‍നിന്നു മകള്‍ വീണ പണം വാങ്ങി എന്ന കാര്യം മുഖ്യമന്ത്രി സമ്മതിക്കുന്നുണ്ട്. അക്കൗണ്ട് വഴി വന്ന പണമായതിനാല്‍ അതു സുതാര്യമാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ബാങ്ക് വഴിയുള്ള ഇടപാടുകളെല്ലാം സുതാര്യമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. രാജ്യത്ത് അന്വേഷണം നടക്കുന്ന പല അഴിമതിക്കേസുകളിലും പണം വന്നിട്ടുള്ളതും അക്കൗണ്ട് വഴിയാണ്. ചെയ്യാത്ത ജോലിക്കു പണം നല്‍കിയത് മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയ്ക്കാണ്. അതംഗീകരിക്കാനാകില്ലെങ്കില് വീണയ്ക്ക് കരിമണല്‍ കമ്പനി ‘ഭിക്ഷ’ നല്‍കിയതാണെന്ന് വ്യാഖ്യാനിക്കേണ്ടിവരും.
തന്നെയും അഴിമതിക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള വ്യഗ്രതയുടെ ഭാഗമാണ് വിജിലന്‍സ് അന്വേഷണം. ഇത് നിയമവിരുദ്ധവും അധികാര ദുര്‍വിനിയോഗവുമാണ്. ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ സന്നദ്ധമാണ്. അതിന് എംഎല്‍എ എന്ന നിലയിലുള്ള പ്രിവിലേജ് തടസമായാല്‍ അത് ഒഴിവാക്കാന്‍ തയാറാണ്. എന്നാല്‍, നിയമത്തിന്റെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി നടപടികളുണ്ടായാല്‍ അതിനെ നിയമപരമായി നേരിടുമെന്നും മാത്യു കുഴല്നാടന് പറഞ്ഞു.