എറണാകുളം ബസിലിക്കാ ഭരണാധികാരം അഡ്മിനിസ്ട്രേറ്റർക്ക്
Friday, September 22, 2023 7:08 AM IST
കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ ഭരണാധികാരം സഭാ നിയമപ്രകാരം ഇപ്പോൾ അഡ്മിനിസ്ട്രേറ്ററായ ഫാ. ആന്റണി പൂതവേലിലിനാണെന്നു സീറോ മലബാർ സഭ പിആർഒ റവ. ഡോ. ആന്റണി വടക്കേക്കര അറിയിച്ചു. ഫാ. ആന്റണി നരികുളത്തിന് ബസിലിക്കയുടെ ഭരണനിർവഹണത്തിൽ യാതൊരു അധികാരവുമില്ല.
ബസിലിക്കയുടെ വികാരിസ്ഥാനത്തുനിന്ന് തന്നെ സ്ഥലം മാറ്റിയതിനെതിരേ ഫാ. ആന്റണി നരികുളം വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൽ നൽകിയ അപ്പീൽ നിരസിച്ചുകൊണ്ടുള്ള കല്പന ആറിന് വന്നിരുന്നു. എന്നാൽ ‘മോൺ. ആന്റണി നരികുളം ബസിലിക്ക വികാരിയായി തുടരും’ എന്ന തെറ്റിദ്ധാരണാജനകമായ വാർത്ത ചിലർ പ്രചിപ്പിക്കുന്നുണ്ട്. ഇത്തരം പ്രസ്താവനകളും പ്രചാരണങ്ങളും വാസ്തവവിരുദ്ധമാണെന്ന് ഇടവകാംഗങ്ങളും വിശ്വാസിസമൂഹവും മനസിലാക്കുകയും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് പിആർഒയുടെ അറിയിപ്പിൽ പറയുന്നു.
എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ഫാ. ആന്റണി നരികുളത്തെ ബസിലിക്ക വികാരിസ്ഥാനത്തുനിന്ന് മാറ്റുകയും ആ ഉത്തരവിനെതിരേ അപ്പീൽ പോയ സാഹചര്യത്തിൽ ഫാ. ആന്റണി പൂതവേലിയെ ബസിലിക്കയുടെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തിരുന്നുവെന്നും പിആർഒ വ്യക്തമാക്കി.