കരുവന്നൂർ ചർച്ചയാകും; എം.വി. ഗോവിന്ദൻ നാളെ തൃശൂരിൽ
സ്വന്തം ലേഖകൻ
Friday, September 22, 2023 5:15 AM IST
തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നാളെ തൃശൂരിൽ. അഴീക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചാണു സന്ദർശനമെങ്കിലും കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണു വിവരം. ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ ഇഡി അന്വേഷണം ഉന്നതനേതാക്കളിലേക്കും കടന്നതോടെയാണു സന്ദർശനം നിർണായകമാകുന്നത്.
ജില്ലയിലെ എംഎൽഎമാരോടും ഉന്നത നേതാക്കളോടും ഇഡി നടപടി നേരിടുന്ന കാര്യത്തിൽ ചർച്ച നടത്തും. പാർട്ടിക്കുള്ളിൽനിന്നു വിവരങ്ങൾ ചോരുന്നതിലെ അതൃപ്തിയും ജില്ലാ നേതൃത്വത്തെ അറിയിക്കും. സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്കുള്ള സംശയങ്ങൾ ദൂരീകരിക്കാൻ സംസ്ഥാന വ്യാപകമായും തൃശൂരിൽ പ്രത്യേകവും ബോധവത്കരണ പരിപാടികൾ നടത്താനും നിർദേശം നൽകിയേക്കും.