മകളെ വിൽപ്പനയ്ക്കെന്ന് പോസ്റ്റിട്ട കേസിൽ പ്രതി പിതാവിന്റെ മൂന്നാം ഭാര്യ
Thursday, September 21, 2023 12:29 AM IST
തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകളെ വിൽപ്പനയ്ക്കെന്ന് പറഞ്ഞ് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട സംഭവത്തിൽ പ്രതി പെണ്‍കുട്ടിയുടെ പിതാവ് മൂന്നാമത് വിവാഹം കഴിച്ച യുവതിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സൈബർ സെൽ നടത്തിയ വിശദമായ പരിശോധനയെ തുടർന്ന് ഇവരാണ് പോസ്റ്റിട്ടതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ ഇടവെട്ടി സ്വദേശിയായ പിതാവിന്റെ പേരിലുള്ള ഫേസ് ബുക്ക് അക്കൗണ്ടിൽ അശ്ലീല ഭാഷ്യത്തോടെ കുട്ടിയെ വിൽക്കാനുണ്ടെന്നും ഇതിനായുള്ള തുകയും കാണിച്ച് പോസ്റ്റിട്ടത്. പേരും ഒരു പെണ്‍കുട്ടിയുടെ ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ പെണ്‍കുട്ടിയും മുത്തശിയും തൊടുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയ പോലീസ് ചോദ്യം ചെയ്തപ്പോൾ യുവതി ഇക്കാര്യം നിഷേധിച്ചിരുന്നു.
ഇതിനിടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. തുടർന്ന് ഫോണ്‍ കസ്റ്റഡിയിലെടുത്ത് കൂടുതൽ വിശദമായി നടത്തിയ അന്വേഷണത്തിലാണ് യുവതി തന്നെയാണ് പോസ്റ്റിട്ടതെന്ന് പോലീസ് കണ്ടെത്തിയത്.
ഇവർക്ക് ആറുമാസം പ്രായമായ കുട്ടിയുണ്ട്. ഈ കുട്ടിയെ സംബന്ധിച്ച് ഭർത്താവ് സംശയം പ്രകടിപ്പിച്ചതിൽ പ്രകോപിതയായാണ് ഇവർ കൃത്യത്തിന് തുനിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഇതിനായി ഭർത്താവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുകയായിരുന്നു.
യുവതിക്ക് കുഞ്ഞുള്ളതിനാൽ ഇവരെ അറസ്റ്റു ചെയ്യുന്ന കാര്യത്തിൽ പോലീസ് തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ ശിശുക്ഷേമ സമിതിയുടെ അഭിപ്രായം തേടിയിട്ടുണ്ട്.