കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ക്രൈം ബ്രാഞ്ച് അന്വേഷണം നിലച്ചമട്ടിൽ
Thursday, September 21, 2023 12:29 AM IST
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ക്രൈം ബ്രാഞ്ചിന്റെയും ഇഡിയുടെയും അന്വേഷണം രണ്ടു ദിശകളിൽ പോകുന്പോൾ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറെക്കുറെ നിലച്ചമട്ടിലാണ്. രണ്ടു വർഷമായിട്ടും കേസിൽ കുറ്റപത്രം നൽകാൻപോലും ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഇഡിയുടെ അന്വേഷണം നിർണായക വഴിത്തിരിവിലുമാണ്.
ക്രൈം ബ്രാഞ്ച് കണ്ടെത്തിയ രേഖകൾ ഇഡിക്കു കൈമാറിയിട്ടുണ്ട്. ഇതോടെ തങ്ങളുടെ അന്വേഷണം വഴിമുട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
കരുവന്നൂരിൽ നടന്ന വായ്പാതട്ടിപ്പുകേസുകളെ കുറിച്ചാണ് ക്രൈംബ്രാഞ്ച് വിവരം തേടിയിരുന്നത്. രണ്ടും രണ്ടു തരത്തിലുള്ള കുറ്റമാണെങ്കിലും ഇഡിക്കു നൽകിയ രേഖകൾ ലഭിച്ചാലേ ക്രൈംബ്രാഞ്ചിന് ഇനി അന്വേഷണവുമായി മുന്നോട്ടു പോകാനാകൂ.
കള്ളപ്പണക്കേസിലെ മുഖ്യപ്രതി പി. സതീഷ്കുമാറിനെ നേരത്തേ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് സതീഷിനെ പ്രതിയാക്കിയില്ല.
രാഷ്ട്രീയസ്വാധീനമുപയോഗിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തെ നിർവീര്യമാക്കിയെന്നാണ് ആരോപണം. അന്വേഷണം തുടങ്ങിയശേഷം 23 പ്രതികളെയാണു ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
2021 ജൂലൈയിലാണ് വായ്പാ തട്ടിപ്പു പരാതിയിൽ കേസ് എടുത്തത്. ഒരാഴ്ചയ്ക്കകം കേസ് ക്രൈം ബ്രാഞ്ചിനു നൽകി സർക്കാർ ഉത്തരവിട്ടു. കൂടുതൽ കാര്യക്ഷമമായി അന്വേഷണം നടക്കാനായിരുന്നു നടപടി. ബാങ്ക് ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവരടക്കമാണ് പ്രതികളായത്. ഇവരിൽ പലരും റിമാൻഡിലായി. വിവിധ ഘട്ടങ്ങളിൽ പ്രതികൾ ജാമ്യത്തിലിറങ്ങി.
ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം ഉന്നതരിലേക്കൊന്നും നീങ്ങിയില്ല. എന്നാൽ ഇഡി അന്വേഷണമാകട്ടെ ഉന്നതരെ കേന്ദ്രീകരിച്ചുമാണ്.
300 കോടി രൂപ കടൽ കടന്നു?
തൃശൂർ: കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് സതീഷ്കുമാർ തട്ടിപ്പു നടത്തിയ 500 കോടിയിൽ 300 കോടിയോളം കടൽ കടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു സംശയം. സതീഷ്കുമാറിന്റെ വിദേശത്തുള്ള സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്.
ഇതിന് വിദേശ ഏജൻസികളുടെ സഹായം തേടുമെന്നും സൂചനയുണ്ട്. വിദേശത്ത് ജ്വല്ലറി, റിയൽ എസ്റ്റേറ്റ് എന്നിവയിൽ സതീഷ് കുമാറിന്റെ ബിനാമികൾ മുഖേന കോടികളുടെ നിക്ഷേപം നടത്തിയെന്നാണ് ഇഡി സംശയിക്കുന്നത്.
സതീഷ് കുമാർ 500 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ഇഡി പറയുമ്പോൾ ആ പണം കേരളത്തിൽ മാത്രം നിക്ഷേപിച്ചുവെന്നു വിശ്വസിക്കുന്നില്ല. രാജ്യത്തെ പ്രധാനപ്പെട്ട ചില നഗരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കരുവന്നൂരില്‍നിന്നു തട്ടിയെടുത്ത കോടികള്‍ സതീഷ്കുമാര്‍ ബഹ്റൈനില്‍ അടുത്ത ബന്ധുക്കളുടെ ബിസിനസിൽ നിക്ഷേപിച്ചു എന്ന് കേസിലെ സാക്ഷികളിൽ ഒരാളുടെ മൊഴി ഇഡിക്കു ലഭിച്ചിട്ടുണ്ട്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണു സതീഷ്കുമാറിന്റെ വിദേശ ബന്ധങ്ങൾ ഇഡി അന്വേഷിക്കാൻ ഒരുങ്ങുന്നത്.
ഇല്ലാത്ത സ്ഥലപരിശോധനയ്ക്ക് എഴുതിയെടുത്തത് 5.42 കോടി
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിൽ ഭരണസമിതിയംഗങ്ങളും ജീവനക്കാരും ഇല്ലാത്ത സ്ഥലപരിശോധനയ്ക്കു ഫീസിനത്തിൽ എഴുതിയെടുത്തത് 5,42,36,559 രൂപ. കോടികളുടെ വ്യാജവായ്പ നൽകുന്നതിന് ഇല്ലാത്ത സ്ഥലം പരിശോധന നടത്തിയെന്നു കാട്ടിയാണ് ഇത്രയും തുക വ്യാജബില്ലുകളിലൂടെ തട്ടിയെടുത്തത്.
ബാങ്കിൽ വ്യാപക തട്ടിപ്പ് നടക്കുന്നുണ്ടെന്ന് 2020ൽ കണ്ടെത്തുന്നതിനു മുന്‍പുള്ള ആറു വർഷമാണ് വൗച്ചറുകളിലൂടെ 5.42 കോടി തട്ടിയത്. പ്രവർത്തനപരിധി കടന്ന് തിരുവന്തപുരം മുതൽ വയനാട് വരെയുള്ള സ്ഥലങ്ങൾ ഈടുവച്ചാണ് കോടികളുടെ വായ്പ എടുത്തിരുന്നത്. ഈ സ്ഥലങ്ങളിലേക്കുള്ള യാത്രച്ചെലവും അലവൻസും ചേർത്താണ് ഇത്രയേറെ തുക എഴുതിയെടുത്തത്.