മാസപ്പടി ലിസ്റ്റിലെ പിവി താനല്ലെന്നു പിണറായി വിജയൻ
Wednesday, September 20, 2023 1:19 AM IST
തിരുവനന്തപുരം: സിഎംആർഎൽ എന്ന കരിമണൽ കന്പനിയുടെ മാസപ്പടി പട്ടികയിൽ പിവി എന്ന ചുരുക്കപ്പേരിൽ ഉൾപ്പെട്ടയാൾ താനല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പട്ടികയിലും തന്റെ പേരുണ്ടാകില്ല.
പിവി എന്ന ചുരുക്കപ്പേരിൽ ആരൊക്കെയാകാം. ബിജെപി സർക്കാരിലെ ഉദ്യോഗസ്ഥർ ഒരു നിഗമനത്തിൽ എത്തിയതാകാം പിവി എന്നാൽ, പിണറായി വിജയൻ എന്ന്. ഏജൻസികൾ എന്റെ സ്ഥാനം എടുത്ത് മകൾക്കെതിരേ ഉയർന്ന ആരോപണത്തിലും ഉപയോഗിക്കുകയാണ്. ഇന്നയാളുടെ ബന്ധുവാണെന്ന് ആദായ നികുതി ബോർഡിന്റെ റിപ്പോർട്ടിൽ കൃത്യമായി പറയുന്നത് തന്റെ സ്ഥാനം ഉദ്ദേശിച്ചാണ്.
അത് അന്വേഷണം എന്നിലേക്ക് എത്തിക്കാനാണ് സ്ഥാനം പറഞ്ഞ് ഇന്നയാളുടെ ബന്ധുവെന്നു പറഞ്ഞു റിപ്പോർട്ട് തയാറാക്കുന്നത്.
കന്പനിയുടെ പ്രതിനിധി പിവി എന്ന ചുരുക്കപ്പേര് പിണറായി വിജയന്റേതാണെന്നു മൊഴി നൽകിയല്ലോ എന്ന ചോദ്യത്തിന് ഒരു സിഇഒയെയും സിഎഫ്ഒയെയും താൻ കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സ്ഥാനത്തിന്റെ പ്രിവിലേജ് ഉപയോഗിച്ചു മകളുടെ കന്പനി പണം വാങ്ങിയെന്ന ആരോപണമാണല്ലോ ഉയരുന്നതെന്ന ചോദ്യങ്ങൾക്കു പ്രഫഷണലുകൾ നടത്തുന്ന പ്രവർത്തനം എങ്ങനെ ഇത്തരത്തിൽ മാറ്റാനാകുമെന്ന് അറിയാം.
പണം നൽകിയ കന്പനിയുടെ കണക്കിലും സ്വീകരിച്ച കന്പനിയുടെ കണക്കിലും ഇതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ആദായ നികുതി അടക്കമുള്ള എല്ലാ നികുതികളും നൽകിയിട്ടുണ്ട്. വീണ്ടും ഇതു സംബന്ധിച്ച ചോദ്യം ഉയർന്നപ്പോൾ നിങ്ങളുടെ (മാധ്യമങ്ങളുടെ) വിഷമം തനിക്കു മനസിലാകുന്നുണ്ട്. നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമം നിങ്ങൾക്കു തുടരാം.
പിണറായി വിജയനെ ഇടിച്ചു താഴ്ത്താൻ എത്രയോ നാളായി ശ്രമം നടക്കുന്നു. ഇപ്പോൾ കുടുംബാംഗങ്ങളെയും ഇടിച്ചു താഴ്ത്താനുള്ള ശ്രമം നടക്കുന്നു. അതു നിങ്ങൾക്കു തുടരാം. നമുക്ക് ഇതു തുടരാമെന്നും അദ്ദേഹം കനത്ത സ്വരത്തിൽ പറഞ്ഞു.
സ്വാഭാവിക നിലയിൽ സോഫ്റ്റ് വെയർ സഹായം ചെയ്യുന്ന കന്പനിയാണ് മകളുടേത്. പല സഹായങ്ങളും പല കന്പനികൾക്കും നൽകാറുണ്ട്. വീണയുടെ ഭാഗം കേൾക്കാതെയാണ് ആദായ നികുതി ബോർഡിന്റെ റിപ്പോർട്ട് വന്നത്. അങ്ങനെയെങ്കിൽ നിയമനടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, നിയമനടപടി സ്വീകരിക്കാൻ കഴിയുമോ എന്ന് അവർ ആലോചിക്കട്ടെയെന്നായിരുന്നു ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ മറുപടി.
മാത്യു കുഴൽനാടന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്നും ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.