പിഎസ്സിയുടെ പേരിൽ തട്ടിപ്പ്: കൂടുതൽ പേർക്ക് പങ്കെന്നു സംശയം
Wednesday, September 20, 2023 12:58 AM IST
തിരുവനന്തപുരം: പിഎസ്സിയുടെ പേരിൽ വ്യാജനിയമന കത്തു നൽകി തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.
മൂന്നു പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യും. പോലീസ് കസ്റ്റഡിയിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് അടുത്ത ദിവസം അന്വേഷണ സംഘം കോടതിക്ക് രേഖാമൂലം അപേക്ഷ നൽകും. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും പോലീസ് പറഞ്ഞു.
പിഎസ്സിയുടെ പേരിൽ വ്യാജനിയമനകത്ത് നൽകി ഉദ്യോഗാർഥികളിൽനിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്ത മൂന്നു സ്ത്രീകൾ ജുഡീഷൽ കസ്റ്റഡിയിലാണ്.
കേസിലെ മുഖ്യപ്രതി അടൂർ സ്വദേശി രാജലക്ഷ്മി ഇവരുടെ സഹായികളായ രശ്മി, ജോയ്സി എന്നിവരെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. രാജലക്ഷ്മി കഴിഞ്ഞ ദിവസം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ മുൻപാകെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ കീഴടങ്ങുകയായിരുന്നു.
രശ്മിയെയും ജോയ്സിയെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രാജലക്ഷ്മിയാണ് തട്ടിപ്പിൽ മുഖ്യ ആസൂത്രണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പോലീസുകാരിയാണെന്ന് പലരെയും പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
ജോയ്സിയെയും രശ്മിയെയും ഒപ്പം കൂട്ടി. പിഎസ്സി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ച് ഇന്റർവ്യു നടത്തിയത് ജോയ്സിയായിരുന്നു. ഉദ്യോഗാർഥികളെ കണ്ടെത്തി പണം വാങ്ങിയിരുന്നത് രശ്മിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
50 ലക്ഷത്തിൽപ്പരം രൂപ നിരവധി ഉദ്യോഗാർഥികളിൽനിന്നു പ്രതികൾ തട്ടിയെടുത്തുവെന്നാണ് പരാതിക്കാർ മൊഴി നൽകിയത്. രശ്മിയാണ് പണം പിരിച്ചെടുത്ത് രാജലക്ഷ്മിയുടെ അക്കൗണ്ടിലേക്ക് നൽകിയത്.
രശ്മിയെ രാജലക്ഷ്മി വലയിലാക്കി ഉദ്യോഗാർഥികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ആശയവിനിമയം നടത്തി വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ ഭർത്താക്കൻമാർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
രാജലക്ഷ്മിയുടെ ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജുവിന്റെ നിർദേശാനുസരണം മെഡിക്കൽ കോളജ് പോലീസാണ് കേസ് അന്വേഷണം നടത്തുന്നത്.