മിനിമം വേതന നിയമ പരിധിയില്‍നിന്ന് സ്കൂള്‍ പാചകത്തൊഴിലാളികളെ ഒഴിവാക്കിയതിനെതിരേ ഹര്‍ജി
Wednesday, September 20, 2023 12:30 AM IST
കൊച്ചി: സ്കൂള്‍ പാചകത്തൊഴിലാളികളെ മിനിമം വേതന നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയതും തങ്ങള്‍ക്കു നല്‍കിയിരുന്ന വേതനം ഓണറേറിയമാക്കിയതും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ പാചകത്തൊഴിലാളി സംഘടനയും 87 പാചകത്തൊഴിലാളികളും നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ജസ്റ്റീസ് സതീഷ് നൈനാനാണ് ഹര്‍ജി പരിഗണിക്കുന്നത്.
2016ലാണ് സ്കൂള്‍ പാചകത്തൊഴിലാളികളെ സര്‍ക്കാര്‍ മിനിമം വേതന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് 14നു തൊഴില്‍ വകുപ്പു സെക്രട്ടറി ഇവരെ മിനിമം വേതന നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുന്നതിനു ശിപാര്‍ശ ചെയ്തുകൊണ്ടു നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ എതിര്‍പ്പറിയിക്കാന്‍ മൂന്നു മാസം സമയവും നല്കി.
എന്നാല്‍ ഈ സമയപരിധി അവസാനിക്കുന്നതിനു മുമ്പ് പൊതുവിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍ ജൂണ്‍ ഒന്നു മുതല്‍ പുതിയ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം പാചകത്തൊഴിലാളികളുടെ വേതനം ഓണറേറിയമാക്കി മാറ്റി.
പ്രത്യേക സാഹചര്യങ്ങളിലുള്ള പ്രവൃത്തികള്‍ക്കാണ് ഓണറേറിയം നല്‍കുന്നതെന്നും സ്കൂളുകളില്‍ ഉച്ചഭക്ഷണം ഒരുക്കുന്ന ജോലി സ്ഥിരം ജോലിയാണെന്നും ഹര്‍ജിക്കാര്‍ പറയുന്നു. വേതനം ഓണറേറിയമാക്കിയതോടെ തങ്ങളുടെ തൊഴില്‍ അവകാശങ്ങള്‍ നിഷേധിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. തൊഴില്‍ വകുപ്പു സെക്രട്ടറിയുടെ നോട്ടിഫിക്കേഷനും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ഗനിര്‍ദേശങ്ങളും റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.