നിപ നിയന്ത്രണത്തിൽ; കണ്ടെയ്ന്മെന്റ് സോണില്‍ ഇളവ്
Tuesday, September 19, 2023 1:58 AM IST
കോഴിക്കോട്: സംസ്ഥാനത്ത് ഭീതിയുടെ നാളുകള്‍ സൃഷ്ടിച്ച നിപ വൈറസ്ബാധ നിയന്ത്രണവിധേയമാകുന്നു. കോഴിക്കോട് ജില്ലയില്‍ ഇന്നലെയും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. പോസിറ്റീവായി ചികിത്സയിലുള്ള നാലു പേരില്‍ യുവാക്കളായ മൂന്നു പേരുടെയും ആരോഗ്യസ്ഥിതി സ്ഥിരതയോടെ തുടരുകയാണ്.
കുട്ടിക്ക് ഓക്സിജന്‍ നല്‍കുന്നുണ്ട്. 13ന് കണ്ടെയിന്മെന്റ് സോണ്‍ പ്രഖ്യാപിച്ച ചിലയിടങ്ങളില്‍ ചില ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനു തീരുമാനിച്ചതായി മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്നലെ ലഭിച്ച 71 പരിശോധനാഫലങ്ങളും നെഗറ്റീവ് ആണ്. ഇതുവരെ 218 സാമ്പിളുകളാണു പരിശോധിച്ചത്. തിങ്കളാഴ്ച കണ്ടെത്തിയ 37 പേരടക്കം 1270 പേരാണ് ആകെ സമ്പര്‍ക്കപട്ടികയിലുള്ളത്. 136 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഹൈറിസ്ക് പട്ടികയില്‍ ഏറ്റവും കൂടുതല്‍ സംശയിച്ച സാമ്പിളുകള്‍ പോലും നെഗറ്റീവായി. ഏറ്റവുമൊടുവില്‍ പോസിറ്റീവ് ആയ വ്യക്തിയുടെ ഏറ്റവും അടുത്ത സമ്പര്‍ക്കമുള്ള ആരോഗ്യപ്രവര്‍ത്തകയ്ക്ക് ലക്ഷണങ്ങള്‍ ഉണ്ടായിട്ടും നിപയല്ല എന്ന് പരിശോധനയില്‍ കണ്ടെത്തി.
രണ്ടാമത് പോസിറ്റീവായ വ്യക്തിയുടെ കൂടെ കാറില്‍ സഞ്ചരിച്ച വളരെ സമ്പര്‍ക്കമുള്ള വ്യക്തിയും നെഗറ്റീവാണ്. ആദ്യത്തെ കേസില്‍ ഉള്‍പ്പെട്ടയാള്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 21 ദിവസം മുമ്പ് സഞ്ചരിച്ചതിന്റെ മാപ്പ് പോലീസ് വകുപ്പിന്റെ സഹായത്തോടെ തയാറാക്കിയിട്ടുണ്ട്. അതോടൊപ്പം റൂട്ട് മാപ്പില്‍ ഉള്‍പ്പെടാത്ത ലോ റിസ്ക് കോണ്ടാക്ട് ഉള്‍പ്പെടെ തിരിച്ചറിഞ്ഞു.