കോൺഗ്രസിൽ എ-ഐ ഗ്രൂപ്പുകൾ യോജിക്കുന്നു : സതീശനെതിരേ കരുനീക്കം
Saturday, June 10, 2023 12:13 AM IST
തിരുവനന്തപുരം: സംസ്ഥാന കോണ്ഗ്രസിൽ ഗ്രൂപ്പ് തർക്കം വീണ്ടും ശക്തമാകുന്നു. ഔദ്യോഗിക നേതൃത്വത്തിനെതിരേ യോജിച്ചു പ്രവർത്തിക്കാൻ എ-ഐ ഗ്രൂപ്പുകളുടെ മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ തീരുമാനം.
ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിലുൾപ്പെടെയുള്ള അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കാൻ ഗ്രൂപ്പു നേതാക്കളുടെ യോഗം തീരുമാനിച്ചു. ഇതിനു ശേഷം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മുൻകൈയെടുത്ത് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രശ്നപരിഹാരത്തിലേക്ക് എത്തിയില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണ് ഗ്രൂപ്പുകൾ ലക്ഷ്യം വയ്ക്കുന്നത്.
ഇരു ഗ്രൂപ്പ് നേതാക്കളും ഇന്നലെ തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിലാണ് കൂടിക്കാഴ്ച നടത്തിയത്. എം.എം. ഹസൻ, കെ.സി. ജോസഫ്, ബെന്നി ബഹനാൻ, രമേശ് ചെന്നിത്തല, ജോസഫ് വാഴയ്ക്കൻ എന്നിവരാണ് ആശയവിനിമയം നടത്തിയത്. കഴിഞ്ഞദിവസം ആലപ്പുഴയിൽ ഐ ഗ്രൂപ്പിന്റെ വിശാല നേതൃയോഗം ചേർന്നിരുന്നു. ആ യോഗത്തിലാണ് എ ഗ്രൂപ്പുമായി ചേർന്ന് ഒൗദ്യോഗികപക്ഷത്തിനെതിരേ യോജിച്ചു നീങ്ങാൻ തീരുമാനിച്ചത്. വയനാട് ലീഡേഴ്സ് മീറ്റിൽ ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനിച്ചെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഈ ധാരണകൾ ലംഘിക്കുന്നു എന്നാണ് ഇരുഗ്രൂപ്പുകളുടെയും പരാതി.
പാർട്ടി പിടിക്കാൻ സതീശൻ ശ്രമിക്കുന്നു എന്നും ഗ്രൂപ്പുകൾ പരാതിപ്പെടുന്നു. മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്താൻ കെ. സുധാകരൻ തയാറാണെങ്കിലും സതീശൻ വഴങ്ങുന്നില്ല എന്നാണ് ഇവരുടെ പരാതി.
ഹൈക്കമാൻഡ് ഇടപെടണം
സുധാകരൻ നിസഹായത പ്രകടിപ്പിക്കുകയാണെന്നും ഹൈക്കമാൻഡ് ഇടപെടാതെ പ്രശ്നപരിഹാരം സാധ്യമല്ലെന്നുമാണ് ഗ്രൂപ്പുകളുടെ പക്ഷം. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും മാത്രം ചേർന്ന് സംഘടനാ തലത്തിലുള്ള തീരുമാനങ്ങൾ കൈക്കൊണ്ടാൽ മതി എന്ന ഉറച്ച നിലപാടിലാണത്രെ വി.ഡി. സതീശൻ. ഇത് ഇക്കാലമത്രയും തുടർന്നുപോന്ന രീതിക്കു വിരുദ്ധമാണെന്നും എ-ഐ ഗ്രൂപ്പു നേതാക്കൾ പറയുന്നു.
ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിൽ ഉപസമിതി ഒറ്റപ്പേരു നിർദേശിക്കാത്ത സ്ഥലങ്ങളിൽ നേതൃത്വം ഏകപക്ഷീയമായി നിയമനം നടത്തി എന്നാണ് ഇരുഗ്രൂപ്പുകളുടെയും പരാതി. ങ്ങളുടെ ആൾക്കാരെ സതീശൻ മറുകണ്ടം ചാടിക്കുന്നു എന്നാണ് ഗ്രൂപ്പുകളുടെ പരാതി.
കെ. സുധാകരന്റെ ആവശ്യപ്രകാരമാണ് രമേശ് ചെന്നിത്തല ചർച്ചയ്ക്കു തയാറായത്. ചർച്ച കഴിഞ്ഞു പുറത്തിറങ്ങിയ രമേശ് മാധ്യമങ്ങളോടു പരസ്യമായി ഒന്നും പറയാൻ തയാറായില്ലെങ്കിലും അതൃപ്തി പ്രകടമായിരുന്നു.
നടക്കാനിരിക്കുന്ന യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ എ-ഐ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി ഒരു സ്ഥാനാർഥിയെ രംഗത്തിറക്കണമെന്ന അഭിപ്രായം ഉണ്ടായെങ്കിലും അക്കാര്യത്തിൽ അന്തിമതീരുമാനമായില്ല.
നിലവിലെ പ്രസിഡന്റ് ഷാഫി പറന്പിൽ എ ഗ്രൂപ്പുകാരനായ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രസിഡന്റ് സ്ഥാനത്തേക്കു രംഗത്തിറക്കിയെങ്കിലും എ ഗ്രൂപ്പ് അത് അംഗീകരിക്കില്ല. കെഎസ് യു നേതാവായിരുന്ന ജെ.എസ്. അഖിലിനെ മത്സരിപ്പിക്കണമെന്ന അഭിപ്രായത്തിനാണ് എ ഗ്രൂപ്പിൽ മേൽക്കൈ.
പരിഹരിക്കും: കെ. സുധാകരൻ
തിരുവനന്തപുരം: ബ്ലോക്ക് പുനഃസംഘടന സംബന്ധിച്ച് എല്ലാവരുമായും ചർച്ച നടത്തിയിട്ടുണ്ടെന്ന് കെ. സുധാകരൻ. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും. ചർച്ച നടന്നില്ലെന്നു പറയുന്നത് നുണപ്രചാരണമാണ്.
ബ്ലോക്ക് പ്രസിഡന്റുമാരായി ഉപസമിതി ശിപാർശ ചെയ്ത 90 ശതമാനം പേരെയും അന്തിമപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു. ഉന്നം വി.ഡി. സതീശനാണോ എന്ന ചോദ്യത്തിന് സതീശൻ ചെയ്ത പാതകം എന്താണെന്ന് അറിയില്ലെന്നു കെ.സുധാകരൻ മറുപടി നൽകി.