സോളാർ കേസിൽ ജുഡീഷൽ അന്വേഷണം വേണം: ചാണ്ടി ഉമ്മൻ
Tuesday, June 6, 2023 12:38 AM IST
തിരുവനന്തപുരം: സോളാർ അന്വേഷണ കമ്മീഷനെതിരേ സിപിഐ നേതാവ് സി. ദിവാകരൻ ഉന്നയിച്ച ആക്ഷേപം ഗുരുതരമായതാണെന്നും ഈ സാഹചര്യത്തിൽ സോളാർ വിവാദത്തിൽ ജുഡീഷൽ അന്വേഷണത്തിന് സർക്കാർ തയാറാകണമെന്നും ചാണ്ടി ഉമ്മൻ.
സോളാർ കേസുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും വീണ്ടും അന്വേഷിക്കണം. ജസ്റ്റീസ് ശിവരാജൻ കമ്മീഷന്റെ പ്രവർത്തനവും അന്വേഷിക്കണം. സി. ദിവാകരന്റെ പ്രതികരണം സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം താൻ ആവശ്യപ്പെടുന്നതെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
സോളാർ വിവാദം സംബന്ധിച്ച് സത്യം കണ്ടുപിടിക്കാൻ വേണ്ടി സർക്കാർ നിയമിച്ച കമ്മീഷൻ ആയിരുന്നു സോളാർ കമ്മീഷൻ. സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണമെന്നായിരുന്നു കമ്മീഷനോട് നിർദേശിച്ചിരുന്നത്. എന്നാൽ കമ്മീഷൻ അന്വേഷണം നടത്തിയത് മറ്റു കാര്യങ്ങളാണ്. സത്യം കണ്ടുപിടിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ അത് ചെയ്തില്ലെന്നുള്ളത് സി.ദിവാകരന്റെ ആരോപണത്തിൽ വ്യക്തമാണ്.
യഥാർഥ സത്യം ഇപ്പോഴും പുറത്തുവന്നിട്ടില്ല. സത്യം തെളിയിക്കപ്പെടണമെന്നത് കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണ്. പത്തു വർഷങ്ങൾക്കിപ്പുറവും ചില സത്യങ്ങൾ പുറത്തുവരാനുണ്ട്. അതിനാണ് ജുഡീഷൽ അന്വേഷണം ആവശ്യപ്പെടുന്നത്. ഇനിയൊരു മുഖ്യമന്ത്രിക്കോ രാഷട്രീയ നേതാക്കൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ ഇങ്ങനെ ഒരു അവസ്ഥയും ഉണ്ടാവരുതെന്നും ചാണ്ടി ഉമ്മൻ പ്രസ്താവിച്ചു.