ചെറുപുഷ്പ മിഷൻലീഗ് പ്രവർത്തനവർഷത്തിന് തുടക്കമായി
Monday, June 5, 2023 12:59 AM IST
കോട്ടയം: ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സമിതിയുടെ 77-ാമത് പ്രവർത്തനവർഷത്തിന് തുടക്കമായി. വിജയപുരം രൂപതയിലെ പൊടിമറ്റം സെന്റ് ജോസഫ് ശാഖയിൽ കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.
ജീവിതത്തിലുണ്ടാകുന്ന കൊച്ചുകൊച്ചു സഹനങ്ങൾ അനുഗ്രഹത്തിന്റെ സ്രോതസുകളാണെന്ന് ബിഷപ് പറഞ്ഞു. സഹനങ്ങളിലൂടെയാണ് യഥാർത്ഥ സ്നേഹം തിരിച്ചറിയുന്നത്. മയക്കുമരുന്ന് ലോബികളുടെ കറുത്ത കരങ്ങൾ കുട്ടികളെ ലക്ഷ്യമിടുന്നുണ്ടെന്നും അതു തിരിച്ചറിയണമെന്നും മാർ ജോസ് പുളിക്കൽ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ വിജയപുരം രൂപതയുടെയും പൊടിമറ്റം ശാഖയുടെയും ഭാരവാഹികൾക്ക് വൃക്ഷത്തൈ നൽകി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖപ്രഭാഷണവും വിജയപുരം രൂപത ചാൻസലർ മോൺ. ജോസ് നവസ് പുത്തൻപറമ്പിൽ മുഖ്യപ്രഭാഷണവും നടത്തി. ഫാ. മാത്യു ഓഴത്തിൽ, ബിനോയി പള്ളിപ്പറമ്പിൽ, സുജി പുല്ലുകാട്ട്, സിസ്റ്റർ ലിസ്നി എസ്ഡി, ജിന്റോ തകിടിയേൽ, സിന്റാ ഡെന്നീസ്, ഫാ. സജി സെബാസ്റ്റ്യൻ തെക്കത്തെചേരിയിൽ, ഫാ. സജി പൂവത്തുകാട്ട്, തോമസ് അടുപ്പുകല്ലുങ്കൽ, സ്നേഹ വർഗീസ്, ജസ്റ്റിൻ വയലുങ്കൽ എന്നിവർ പ്രസംഗിച്ചു.
രാവിലെ നടന്ന പ്രേഷിത റാലി പൊടിമറ്റം സെന്റ് മേരീസ് ശാഖാ ഡയറക്ടർ. ഫാ മാർട്ടിൻ വെള്ളിയാംകുളം ഫ്ലാഗ് ഓഫ് ചെയ്തു.