റേഷന്‍ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്
Sunday, June 4, 2023 12:17 AM IST
കോഴിക്കോട്: സംസ്ഥാനത്തെ ചില്ലറ റേഷന്‍വ്യാപാരികളുടെ കമ്മീഷന് വൈകുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. കടയടപ്പ് സമരത്തിനുള്‍പ്പെടെ നേതൃത്വം നല്‍കുമെന്നും ഇതിന്റെ ആദ്യഘട്ടമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ജൂണ്‍ അഞ്ചിനു സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തുമെന്നും റേഷന്‍ ഡീലേഴ്സ് കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
സംസ്ഥാനത്തെ 14,100 ചില്ലറ റേഷന്‍ വ്യാപാരികളാണു സര്‍ക്കാര്‍ അനാസ്ഥ മൂലം ദുരിതം പേറുന്നത്. ഭക്ഷ്യധാന്യ വിഹിതത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭീമമായ കുറവ് വ്യാപാരികളുടെ പ്രതിഫലം കുറച്ചു. വാതില്‍പ്പടി വിതരണത്തില്‍ തൂക്കകൃത്യത പാലിക്കാന്‍ ഫലപ്രദമായ നടപടികളില്ലാത്തതിനാല്‍ ആ വഴിക്കും ലൈസന്‍സ് ഉടമ നഷ്ടം നേരിടുകയാണ്. കോവിഡ്-പ്രളയകാലത്തെ ഭക്ഷ്യധാന്യ വിതരണത്തിനുള്ള കമ്മീഷന് കുടിശിക ഇനിയും തീര്‍ത്തു നല്‍കിയിട്ടില്ല.
കോവിഡ് കാലത്ത് ജീവന് നഷ്ടമായ ലൈസന്‍സിമാര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാരില്‍നിന്നു സഹായധനം പോലും ലഭ്യമായിട്ടില്ല. തുച്ഛമായ വേതനം മൂലം വ്യാപാരം മുന്നോട്ടു കൊണ്ടുപോകാനാവാതെ മൂവായിരത്തോളം ലൈസന്‍സികള്‍ ലൈസന്‍സ് സറണ്ടര്‍ ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി.
10,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയില്‍ വരുമാനം ലഭിക്കുന്ന ഏഴായിരത്തിലധികം വ്യാപാരികളും വരവില്‍ കവിഞ്ഞ ചെലവ് മൂലം റേഷന്‍ വിതരണരംഗം വിടാന്‍ ഒരുങ്ങുന്നുണ്ട്. ഈ ഘട്ടത്തില്‍ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്കു സര്‍ക്കാര്‍ കടന്നില്ലെങ്കില്‍ കടയടച്ചുള്ള സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അവര്‍ വ്യക്തമാക്കി.