സംഗീത നാടക അക്കാദമി പ്രഫഷണൽ നാടകമത്സര അവാർഡുകൾ പ്രഖ്യാപിച്ചു
Sunday, June 4, 2023 12:17 AM IST
തൃശൂർ: കേരള സംഗീത നാടക അക്കാദമി പ്രഫഷണൽ നാടകമത്സര അവാർഡുകൾ പ്രഖ്യാപിച്ചു. വള്ളുവനാട് ബ്രഹ്മയുടെ ‘രണ്ടു നക്ഷത്രങ്ങൾ’ ആണു മികച്ച നാടകം. ഈ നാടകത്തിന്റെ സംവിധായകൻ രാജേഷ് ഇരുളമാണ് മികച്ച സംവിധായകൻ. മികച്ച നാടകത്തിന് 50,000 രൂപയും മികച്ച സംവിധായകന് 30,000രൂപയും ശില്പവും പ്രശംസാപത്രവും സമ്മാനിക്കും.
എറണാകുളം ചൈത്രതാര തിയറ്റേഴ്സിന്റെ ‘ഞാൻ’ മികച്ച രണ്ടാമത്തെ നാടകം (30,000 രൂപ). കൊച്ചിൻ ചന്ദ്രകാന്തയുടെ ‘നത്ത് മാത്തൻ ഒന്നാം സാക്ഷി’യുടെ സംവിധായകൻ രാജീവൻ മമ്മിളിയാണു മികച്ച രണ്ടാമത്തെ സംവിധായകൻ (20,000 രൂപ). കോഴിക്കോട് രംഗമിത്രയുടെ ‘രണ്ട് കൂട്ടുകാരികൾ’ രചിച്ച പ്രദീപ് കുമാർ കാവുംതറയാണു മികച്ച നാടകകൃത്ത് (30,000 രൂപ). ‘രണ്ട് നക്ഷത്രങ്ങൾ’ രചിച്ച ഹേമന്ത് കുമാർ മികച്ച രണ്ടാമത്തെ നാടകകൃത്ത് (20,000രൂപ). ‘രണ്ട് നക്ഷത്രങ്ങളി’ലെ ബിജു ജയാനന്ദൻ ആണ് മികച്ച നടൻ (25,000 രൂപ). ‘നത്ത് മാത്തൻ ഒന്നാം സാക്ഷി’യിലെ കലവൂർ ശ്രീലൻ മികച്ച രണ്ടാമത്തെ നടൻ (15,000 രൂപ). കോഴിക്കോട് രംഗഭാഷയുടെ ‘മൂക്കുത്തി’യിലെ കലാമണ്ഡലം സന്ധ്യ മികച്ച നടി (25,000 രൂപ). ‘ഞാൻ’ നാടകത്തിലെ അനു കുഞ്ഞുമോൻ രണ്ടാമത്തെ നടി (15,000 രൂപ). കല്ലറ ഗോപൻ- ഗായകൻ, ശുഭ രഘുനാഥ്- ഗായിക (ഇരുവർക്കും 10,000 രൂപ വീതം), ഉദയകുമാർ അഞ്ചൽ- സംഗീത സംവിധായകൻ, ശ്രീകുമാരൻ തമ്പി- ഗാനരചയിതാവ്, (ഇരുവർക്കും 15,000 രൂപ വീതം), ആർട്ടിസ്റ്റ് സുജാതൻ- രംഗപടം (20,000 രൂപ), ദീപസംവിധാനം- രാജേഷ് ഇരുളം, വസ്ത്രാലങ്കാരം- വക്കം മാഹിൻ, പശ്ചാത്തല സംഗീതം- ഉദയകുമാർ അഞ്ചൽ, ശബ്ദലേഖകൻ- റജി ശ്രീരാജ് (15,000 രൂപവീതം). കാഷ് അവാർഡിനൊപ്പം ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണു പുരസ്കാരം. കോഴിക്കോട് രംഗമിത്രയുടെ ‘പണ്ട് രണ്ട് കൂട്ടുകാരികൾ’ എന്ന നാടകത്തിലെ അഭിനവ്, അളകാബാബു എന്നീ കുട്ടികൾക്ക് പ്രോത്സാഹനമായി അക്കാദമി പതക്കവും സാക്ഷ്യപത്രവും നൽകും.
19 ഇനങ്ങളിലാണ് അക്കാദമി അവാർഡ് നൽകുന്നത്. മേയ്് 28 മുതൽ ജൂൺ രണ്ടു വരെ നടന്ന പ്രഫഷണൽ നാടകമത്സരത്തിൽ മാറ്റുരച്ച പത്തു നാടകങ്ങളിൽനിന്നാണ് അവാർഡിന് അർഹമായ നാടകങ്ങളെ തെരഞ്ഞെടുത്തത്.
പത്രസമ്മേളനത്തിൽ ജൂറി ചെയർമാൻ ഗോപിനാഥ് കോഴിക്കോട്, സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ശിവജി ഗുരുവായൂർ, വി.കെ. അനിൽ കുമാർ എന്നിവർ പങ്കെടുത്തു.