ദീര്‍ഘദൂര സ്വകാര്യ ബസ് സര്‍വീസ്: സ്റ്റേ നീട്ടാന്‍ ഹൈക്കോടതി വിസമ്മതിച്ചു
Friday, June 2, 2023 1:07 AM IST
കൊച്ചി: ദീര്‍ഘദൂര സ്വകാര്യ ബസ് സര്‍വീസുകള്‍ നിയന്ത്രിക്കാൻ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ സ്റ്റേ നീട്ടുന്നതിന് ഹൈക്കോടതി വിസമ്മതിച്ചു.
ഉത്തരവിനെതിരേ പെര്‍മിറ്റുള്ള ബസുടമകള്‍ നല്കിയ ഹര്‍ജിയില്‍ ദീര്‍ഘദൂര സര്‍വീസിന് സിംഗിള്‍ ബെഞ്ച് നേരത്തേ അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവ് നീട്ടണമെന്ന ആവശ്യമാണു ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിരസിച്ചത്. ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയിരുന്നു.
സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം സര്‍വീസ് ദൂരം അനുവദിക്കാത്ത വിധം ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പാക്കി 2020 ജൂലൈയില്‍ ഗതാഗതവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണു നേരത്തേ സ്വകാര്യ ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. താത്കാലിക പെര്‍മിറ്റ് നിലനിര്‍ത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കുകയും പിന്നീട് അത് അന്തിമമാക്കി ഹര്‍ജി തീര്‍പ്പാക്കുകയും ചെയ്തിരുന്നു.
മോട്ടര്‍ വാഹന നിയമ വ്യവസ്ഥകള്‍ക്ക് അനുസൃതമായി റൂട്ട് ദേശസാത്കരണത്തിന് സ്കീം ഭേദഗതി വരുത്തുകയോ പുതിയ സ്കീം നടപ്പാക്കുകയോ ചെയ്യുന്നതുവരെ തങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അര്‍ഹതയുണ്ടെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം.
എന്നാൽ കേരള മോട്ടോര്‍ വാഹന ചട്ടത്തിലെ ഭേദഗതിയനുസരിച്ച് ഇവര്‍ക്ക് പെര്‍മിറ്റ് പുതുക്കിക്കിട്ടാനുള്ള അവകാശമില്ലെന്ന് കെഎസ്ആര്‍ടിസിയും ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിയിൽ ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും.