ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് :ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നു നിക്ഷേപകർ
Tuesday, May 30, 2023 12:24 AM IST
തൃശൂർ: ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പുകേസിൽ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും പരാതിക്കാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
15ശതമാനം പലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപയാണു 130പേരിൽനിന്നായി കമ്പനി കൈക്കലാക്കിയത്. പണം തിരികെ നൽകാനുള്ള കാലാവധി കഴിഞ്ഞ ഡിസംബറിൽ അവസാനിച്ചതോടെ നിക്ഷേപകരുടെ പരാതിയിൽ ബാങ്കേഴ്സിന്റെ ഉടമയായ ജോയി പാണഞ്ചേരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
അതേസമയം, സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ ഉടമയുടെ ഭാര്യയിലേയ്ക്കോ ഡയറക്ടർമാരായ ബന്ധുക്കളിലേക്കോ ഇതുവരെ അന്വേഷണം എത്തുകയോ ഇവരെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഇവർ വിദേശത്തേക്ക് കടന്നതായാണ് സൂചനയെന്ന് നിക്ഷേപകരുടെ കൂട്ടായ്മാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നടപടിയുണ്ടായില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ സംഘടിപ്പിക്കും.
പത്രസമ്മേളനത്തിൽ ടോണി, ജോർജ്, ദേവസി, വിൻസെന്റ്, ലോനപ്പൻ എന്നിവർ പങ്കെടുത്തു.