കേരളത്തിലെ ആരോഗ്യസംവിധാനം സുശക്തം: മുഖ്യമന്ത്രി
Sunday, May 28, 2023 2:58 AM IST
കൊച്ചി: കോവിഡ് പോലെയുള്ള മഹാമാരിക്കു പോലും തകര്‍ക്കാന്‍ കഴിയാത്തതാണു കേരളത്തിലെ സുശക്തമായ ആരോഗ്യമേഖലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ആശുപത്രി കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ എന്നിങ്ങനെ ജീവന് നിലനിര്‍ത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ക്കൊന്നും സംസ്ഥാനത്ത് കോവിഡ് കാലത്തു പോലും ക്ഷാമം നേരിട്ടില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ, സഹകരണ ആശുപത്രികള്‍ കൂട്ടായി നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് 20 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെയും ഒരു ലക്ഷത്തിലധികം പ്രൊസീജിയറുകള്‍ നടത്തി രോഗികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിന്റെയും ആഘോഷച്ചടങ്ങ് ബോള്‍ഗാട്ടി ഗ്രാൻഡ് ഹയാത്ത് കണ്വന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഹൃദ്രോഗികളുടെ നിരക്ക് ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. ജീവിതശൈലീ രോഗങ്ങളും പുതിയ സാംക്രമിക രോഗങ്ങളും വര്‍ധിച്ചുവരുന്നുണ്ട്. രോഗത്തിന് ചികിത്സിക്കുന്നതിനൊപ്പം തന്നെ ബോധവത്കരണത്തിനും തുല്യ പ്രാധാന്യം നല്‍കണമെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ ലിസി ആശുപത്രി ചെയര്മാന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്, മന്ത്രിമാരായ പി. രാജീവ്, ഹൈബി ഈഡന് എംപി, മേയര്‍ എം. അനില്‍കുമാര്‍, എംഎല്‍എമാരായ ടി.ജെ. വിനോദ്, ഉമാ തോമസ്, കെ.എന്‍. ഉണ്ണിക്കൃഷ്ണന്, ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, വികാരി ജനറാള്‍ റവ. ഡോ. വര്‍ഗീസ് പൊട്ടക്കല്‍, ലിസി ആശുപത്രി ഡയറക്ടര്‍ റവ.ഡോ. പോള്‍ കരേടന്, ഡോ. ജോസ് ചാക്കോ പെരിയപുറം, ഡോ. റോണി മാത്യു, ഡോ. ജേക്കബ് ഏബ്രഹാം, ഡോ. ജാബിര്‍ അബ്ദുള്ളക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിനു മുന്നോടിയായി ഡോ. ജോ ജോസഫ്, പ്രഫ. എസ്. ശിവശങ്കരന് എന്നിവര്‍ ആന്‍ജിയോപ്ലാസ്റ്റിക്കും ബൈപാസ് ശസ്ത്രക്രിയയ്ക്കും ശേഷമുള്ള ജീവിതത്തെക്കുറിച്ചും ഭക്ഷണക്രമീകരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു.
ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്തുത്യര്‍ഹ സേവനത്തിന്റെ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സ്റ്റാഫ് അംഗങ്ങളെ ആദരിച്ചു. ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് 20 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ സന്തോഷസൂചകമായി ‘ലിസി സ്നേഹാര്‍ദ്രം’ എന്നപേരില്‍ പാവപ്പെട്ട രോഗികള്‍ക്കുള്ള പ്രത്യേക ചികിത്സാസഹായ പദ്ധതിക്ക് തുടക്കം കുറിച്ചു. രണ്ടു കോടി രൂപയുടെ ചികിത്സാപദ്ധതിയുടെ പ്രഖ്യാപനം മാര്‍ ജേക്കബ് മനത്തോടത്ത് നിര്‍വഹിച്ചു.