കരിപ്പൂരിൽനിന്നു തിരിച്ചുവിട്ട വിമാനം കൊച്ചിയിൽ കുടുങ്ങി
Saturday, May 27, 2023 1:05 AM IST
നെടുമ്പാശേരി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കോഴിക്കോട് കരിപ്പുർ വിമാനത്താവളത്തിൽനിന്നു തിരിച്ചുവിട്ട വിമാനം നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി.
തിരിച്ചുപോകാനുള്ള സൗകര്യം നൽകാത്തതിനെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന 180 യാത്രക്കാർ ഇന്നലെ രാവിലെ പത്തുമുതൽ വൈകുന്നേരം ആറുവരെ വിമാനത്തിലിരുന്ന് പ്രതിഷേധിച്ചു.
ജിദ്ദയിൽനിന്നു കരിപ്പുരിലേക്കു വന്ന സ്പൈസ് ജെറ്റ് വിമാനമാണു തിരിച്ചുവിട്ടത്. ഇതു രാവിലെ പത്തിന് നെടുന്പാശേരിയിൽ വന്നിറങ്ങി . തങ്ങൾക്ക് തിരിച്ചുപോകാൻ വിമാനം ക്രമീകരിക്കണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യം .
കരിപ്പുർ വിമാനത്താവളത്തിൽ റൺവേയുടെ വികസനപ്രവൃത്തികൾ നടക്കുന്നതിനാൽ വൈകുന്നേരം ആറിനുശേഷമേ വിമാനം ഇറക്കാൻ കഴിയുകയുള്ളൂവെന്ന് അവിടെ നിന്നു അറിയിപ്പ് ലഭിച്ചു. ഇതുമൂലം പത്തിന് കൊച്ചിയിൽ വന്ന വിമാനം തിരിച്ചു വിടാൻ കഴിഞ്ഞില്ല . വൈകുന്നേരം ആറിനുശേഷം അനുമതി ലഭിക്കുന്നതുവരെ യാത്രക്കാർ വിമാനത്തിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല.