വക്കം ഖാദർ പുരസ്കാരം യൂസഫലിക്ക് സമ്മാനിച്ചു
Saturday, May 27, 2023 1:05 AM IST
തിരുവനന്തപുരം: ഐഎൻഎ ഹീറോ വക്കം ഖാദർ ദേശീയ പുരസ്കാരം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.
മതസൗഹാർദത്തിനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ആഗോളതലത്തിൽ യൂസഫലി നൽകിയ സംഭാവനങ്ങൾ മുൻ നിർത്തിയാണ് പുരസ്കാരം. വക്കം ഖാദറിന്റെ ഓർമയ്ക്കായി ഐഎൻഎ ഹീറോ വക്കം ഖാദർ നാഷണൽ ഫൗണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
മേയ് 25നായിരുന്നു വക്കം ഖാദറിന്റെ 106-ാം ജന്മവാർഷികം. ചടങ്ങിൽ ഫൗണ്ടേഷൻ പ്രസിഡന്റ് എം.എം.ഹസൻ, വർക്കിംഗ് പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ജനറൽ സെക്രട്ടറി എം.എം. ഇക്ബാൽ, ട്രഷറർ ബി.എസ്.ബാലചന്ദ്രൻ, കിംസ് ഹെൽത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം.നജീബ് അടക്കമുള്ളവർ സന്നിഹിതരായിരുന്നു.