മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ലോകായുക്ത മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടതിനെതിരേ ഹര്‍ജി
Saturday, May 27, 2023 1:04 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന ഹര്‍ജിയില്‍ ലോകായുക്ത വിശദമായി വാദം കേട്ടശേഷം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടതിനെതിരേ ഹര്‍ജിക്കാരനായ തിരുവനന്തപുരം നേമം സ്വദേശി ശശികുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനര്‍ഹര്‍ക്ക് സാമ്പത്തികസഹായം നല്കിയതു ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കും 18 മന്ത്രിമാര്‍ക്കുമെതിരേ ഹര്ജിക്കാരന് ലോകായുക്തയെ സമീപിച്ചത്.
പരാതി ലോകായുക്തയുടെ അധികാരപരിധിയില്‍ വരുമോയെന്ന തര്‍ക്കത്തെ തുടര്‍ന്ന് മൂന്നംഗ ബെഞ്ച് വിഷയം പരിഗണിച്ചു ലോകായുക്തയ്ക്കു വാദം കേള്‍ക്കാനാകുമെന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് ഹര്‍ജിയില്‍ വിശദമായി വാദം കേട്ട് ലോകായുക്ത 2022 മാര്‍ച്ച് 18 ന് കേസ് വിധി പറയാന്‍ മാറ്റി.
എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി വന്നില്ല. ഇതിനെതിരേ ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലോകായുക്തയില്‍ ഉന്നയിക്കാന്‍ നിര്‍ദേശിച്ചു.
തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 31 ന് പരാതി മൂന്നംഗ ബെഞ്ചിന് വിട്ടു ലോകായുക്ത വിധി പറഞ്ഞു. പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് നിയമപരമായി കഴിയില്ലെന്നു ഡിവിഷന് ബെഞ്ചിലെ ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം വന്നതിനാലാണ് മൂന്നംഗ ബെഞ്ചിന് വിടുന്നതെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മൂന്നംഗ ബെഞ്ചിനു പരിഗണിക്കാനായി കേസ് ജൂണ്‍ അഞ്ചിലേക്കു മാറ്റി. ഈ നടപടിയെയാണു ഹര്ജിക്കാരന് ചോദ്യം ചെയ്യുന്നത്.