ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകള്
Friday, May 26, 2023 12:58 AM IST
കൊച്ചി: ലഹരിക്കു പൂട്ടിടേണ്ട പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്ക്കിടയിലും ലഹരി ഉപയോഗം വ്യാപകമാണെന്ന വെളിപ്പെടുത്തലുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര് കെ. സേതുരാമന്. ഒരു എസ്പിയുടെ രണ്ട് ആണ്മക്കളും ലഹരിക്ക് അടിമകളാണ്.
സഹിക്കാന് പറ്റാത്ത സ്ഥിതിയാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് ഇതു പ്രശ്നമായെന്നും കമ്മീഷണര് വെളിപ്പെടുത്തി. അങ്കമാലിയില് നടന്ന പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില് പങ്കെടുത്തു പ്രസംഗിക്കവേയായിരുന്നു കമ്മീഷണറുടെ വെളിപ്പെടുത്തൽ.
പോലീസ് കമ്യൂണിറ്റിയുടെ ഭാഗമായി നില്ക്കുമ്പോള് ഉദ്യോഗസ്ഥര് ഇക്കാര്യം സ്വയം പരിശോധിക്കണം. ക്വാര്ട്ടേഴ്സുകളില് ഇതു പരിശോധിക്കണമെന്നും കമ്മീഷണര് ഉദ്യോഗസ്ഥരോടു പറഞ്ഞു. ദേശീയ ശരാശരിയേക്കാള് ലഹരി ഉപയോഗം കേരളത്തില് കുറവാണെങ്കിലും ഇതുയരാന് സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
സഹപ്രവര്ത്തകന്റെ കുട്ടി ലഹരിക്ക് അടിമയായി കൊല്ലപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. എല്ലാ റാങ്കിലുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മക്കളും മയക്കുമരുന്നിന് അടിമയായിട്ടുണ്ട്. സംസ്ഥാനത്ത് യുവാക്കള്ക്കിടയില് ലഹരി ഉപയോഗം വ്യാപകമായിട്ടുണ്ട്. ഇതിനെതിരേ ശക്തമായ പ്രതിരോധം തീര്ക്കണമെന്നും കമ്മീഷണര് പറഞ്ഞു.