ഡോ. സിസാ തോമസ് സർവീസിൽ നിന്നും വിരമിച്ചു
Saturday, April 1, 2023 1:39 AM IST
തിരുവനന്തപുരം: സർക്കാരിന്റെ താത്പര്യത്തിന് വിരുദ്ധമായി ഗവർണർ സാങ്കേതിക സർവകലാശാലയുടെ താത്കാലിക വൈസ് ചാൻസലറായി നിയമിച്ച ഡോ. സിസാ തോമസ് ഇന്നലെ സർവീസിൽ നിന്നും വിരമിച്ചു. അനുമതിയില്ലാതെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റതിൽ ഇന്നലെ നേരിട്ട് വിശദീകരണം നല്കണമെന്നു നിർദേശിച്ചിരുന്നെങ്കിലും ഡോ.സിസ ഇന്നലെ ഹാജരായില്ല.
സർവീസിൽ നിന്നു വിരമിക്കുന്ന ദിവസമായതിനാൽ അതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്നും ഈ സാഹചര്യത്തിൽ ഹാജരാകാൻ കഴിയില്ലെന്നും ഡോ. സിസ അറിയിച്ചിരുന്നു. ഇന്നു മുതൽ എപ്പോൾ വേണമെങ്കിലും നേരിട്ടു ഹാജരാകാമെന്നും സർക്കാരിനെ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിക്ക് മുന്പാകെ ഇന്നലെ രാവിലെ 11.30 ന് ഹാജരാകണമെന്ന് വ്യാഴാഴ്ച രാത്രിയാണ് സിസയെ അറിയിച്ചത്. അതിനിടെ ഇന്നലെ വൈകുന്നേരം ഡോ. സിസയ്ക്ക് സർക്കാർ കുറ്റാരോപണ മെമ്മോ നല്കി. സർക്കാർ അനുമതിയില്ലാതെ കെടിയു താത്കാലിക വിസിയായി ചുമതല ഏറ്റതിനാണ് മെമ്മോ നല്കിയത്.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് സാങ്കേതിക സർവകലാശാലയിൽ പുതിയ താത്കാലിക വൈസ് ചാൻസലറെ നിയമിക്കേണ്ട സാഹചര്യം ഉണ്ടായത്. തുടർന്ന് സർക്കാർ വിസി സ്ഥാനത്തേക്ക് മൂന്നംഗ പാനൽ ഗവർണർക്ക് കൈമാറി.
എന്നാൽ നല്കിയ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് യുജിസി പറയുന്ന മാനദണ്ഡം അനുസരിച്ചുള്ള യോഗ്യത ഇല്ലെന്നു പറഞ്ഞാണ് ഡോ. സിസ തോമസിനെ താത്കാലിക വിസിയായി ഗവർണർ നിയമിച്ചത്. എന്നാൽ പദവിയേറ്റ അന്നുമുതൽ വൈസ് ചാൻസലറുമായി സർക്കാരും സർവകലാശാലയിലെ ഇടതു അനുകൂല അധ്യാപക - അനധ്യാപക വിദ്യാർഥി സംഘടനകളും ശക്തമായ ഏറ്റുമുട്ടലിലുമായി. ദിവസങ്ങളോളം വിസിയെ ഘൊരാവോ ചെയ്യുകയും പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്തു.
ഇതിനിടയിൽ നിലവിലെ സിൻഡിക്കേറ്റിലെ ആറ് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയും കോടതിയിലെത്തി. ഇവരുടെ നിയമനം സംബന്ധിച്ച് സർക്കാരിൽ നിന്ന് വ്യക്തത തേടിയശേഷമാണ് കഴിഞ്ഞ ആഴ്ച്ച നടന്ന സർവകലാശാല ബജറ്റിൽ പങ്കെടുക്കാൻ അനുവാദം നല്കിയത്.
ഇന്നലെ ഡോ. സിസ തോമസ് പടിയിറങ്ങിയതോടെ സർക്കാർ-ഗവർണർ പോരിനുകൂടിയാണ് ശമനമാകുന്നത്. എന്നാൽ ഗവർണറുടെ ഉത്തരവനുസരിച്ച് താത്കാലിക വിസി സ്ഥാനം ഏറ്റെടുത്ത ഡോ. സിസ തോമസിനെതിരേ സർക്കാർ തലത്തിൽ നടപടി തുടരുമോ എന്നാണ് ഇനി അറിയേണ്ടത്.