300 രൂപയ്ക്ക് റബര്‍ സംഭരിക്കുമോയെന്ന് കേന്ദ്രം വ്യക്തമാക്കണം: വി.സി. സെബാസ്റ്റ്യന്‍
Friday, March 24, 2023 1:05 AM IST
കൊച്ചി: കിലോഗ്രാമിന് 300 രൂപയ്ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് റബര്‍ സംഭരിക്കാനുള്ള ആര്‍ജ്ജവമുണ്ടോയെന്ന് കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വവും ആദ്യം വ്യക്തമാക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
പ്രഖ്യാപനങ്ങളല്ല ന്യായവിലയ്ക്ക് റബര്‍ സംഭരണത്തിന് തയാറാവുകയാണ് വേണ്ടത്. അനിയന്ത്രിത റബര്‍ ഇറക്കുമതിക്ക് കുട പിടിക്കുകയും നിലവിലുള്ള റബര്‍ ആക്ട് ഇല്ലാതാക്കാന്‍ നിയമനിര്‍മാണം നിര്‍ദേശിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരും രാഷ്ട്രീയ ഭരണനേതൃത്വവും കിലോഗ്രാമിന് 300 രൂപ റബറിന് വേണമെന്ന കര്ഷകനിര്ദേശം വെല്ലുവിളിയായി ഏറ്റെടുക്കാന്‍ തയാറാകണം.
250 രൂപ അടിസ്ഥാനവിലയും പ്രഖ്യാപനങ്ങളില്‍മാത്രം നില്ക്കുമ്പോള് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചതിക്കുഴിയിലാണ് കര്‍ഷകരെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.