നിയമസഭാ സമ്മേളനം തുടരുമോ?; ചർച്ചയിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം
Sunday, March 19, 2023 1:02 AM IST
തിരുവനന്തപുരം: അടിയന്തര പ്രമേയ അവതരണ നോട്ടീസ് പോലും പരിഗണിക്കാത്ത നടപടിയിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നു നിയമസഭാ നടപടികൾ സ്തംഭിക്കുന്നതിനിടയിൽ അടുത്ത ദിവസങ്ങളിൽ പ്രതിപക്ഷവുമായി നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിർണായകമാകും.
ശൂന്യവേളയിൽ അടിയന്തര പ്രമേയ നോട്ടീസുകൾ പരിഗണിക്കണമെന്ന ആവശ്യമാണു പ്രധാനമായി പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് തന്നെ പരിഗണിക്കാത്ത നടപടിയെയാണു പ്രതിപക്ഷം എതിർക്കുന്നത്.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കു മറുപടി പറയാതെ സ്പീക്കറെ ഭീഷണിപ്പെടുത്തി നോട്ടീസ് പോലും പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ സമരമാണു കഴിഞ്ഞ ദിവസം സംഘർഷത്തിൽ വരെ കലാശിച്ചത്.
അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ നിലപാടു തന്നെയാകും ചർച്ചയിൽ നിർണായകമാകുക. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കൊന്പുകോർത്തതിനെ തുടർന്ന് അലസിപ്പിരിഞ്ഞിരുന്നു.
നിയമസഭാ നടപടികൾ സുഗമമാക്കാനായി നാളെ രാവിലെ സഭ ചേരുന്നതിനു മുൻപു മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിൽ അനുരഞ്ജന ചർച്ച നടന്നേക്കും.
നോട്ടീസ് പരിശോധിച്ച് അനുവദിക്കാവുന്ന വിഷയമാണെങ്കിൽ അനുവദിക്കാമെന്നാണ് സ്പീക്കർ എ.എൻ. ഷംസീറിന്റെ നിലപാട്. ബ്രഹ്മപുരം പ്രശ്നത്തിൽ ഗ്രീൻ ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് പിഴ ശിക്ഷ വിധിച്ച സംഭവം നാളെ അടിയന്തര പ്രമേയമായി പ്രതിപക്ഷം കൊണ്ടു വന്നേക്കും.
നിയമസഭയിൽ കഴിഞ്ഞ ദിവസം നടന്ന കൈയാങ്കളിയുമായി ബന്ധപ്പെട്ട് വാച്ച് ആൻഡ് വാർഡിനും രണ്ട് ഭരണകക്ഷി എംഎൽഎമാർക്കുമെതിരെ നടപടിയെടുക്കുക, പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ചുമത്തിയ ക്രിമിനൽ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷം ചർച്ചയിൽ ഉന്നയിക്കും.