ദുരന്ത പ്രതികരണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തപ്പോൾ നഷ്ടം സിപിഐക്ക്
Monday, January 30, 2023 3:31 AM IST
തിരുവനന്തപുരം: ദുരന്ത പ്രതികരണ വകുപ്പ് മുഖ്യമന്ത്രിയിലെത്തിയപ്പോൾ, പാർട്ടിയുടെ മൂന്നു മന്ത്രിമാരുടെ അധികാരം നഷ്ടമാകുമോയെന്ന ആശങ്കയിൽ സിപിഐ. റവന്യു വകുപ്പിന്റെ ഭാഗമായിരുന്ന ദുരന്ത പ്രതികരണ വകുപ്പാണ് പൂർണമായി മുഖ്യമന്ത്രിയുടെ കൈകളിലേക്കു മാറിയിരിക്കുന്നത്. ഇത് റവന്യു വകുപ്പിനെ മാത്രമല്ല പാർട്ടിയുടെ കൈവശമുള്ള കൃഷി, മൃഗസംരക്ഷണ വകുപ്പുകളെക്കൂടി ദുർബലമാക്കുമെന്നാണ് സിപിഐയുടെ വിലയിരുത്തൽ.
റവന്യു മന്ത്രി കെ. രാജൻ ഇന്നു തലസ്ഥാനത്തു മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ നടക്കും. സിപിഐ തുടർനടപടികൾ ഇതിനുശേഷമാകും സ്വീകരിക്കുക. മുന്നറിയിപ്പില്ലാതെ ദുരന്ത പ്രതികരണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയിൽ സിപിഐക്ക് അതൃപ്തിയുമുണ്ട്. 2018ലെ പ്രളയകാലത്ത്, ദുരന്ത പ്രതികരണ വകുപ്പിന്റെ പ്രളയദുരന്ത നിവാരണ പദ്ധതികളും ആരോഗ്യ പ്രവർത്തനങ്ങളുമടക്കം നിർവഹിച്ചിരുന്നതു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു. എന്നാൽ നഷ്ടപരിഹാര വിതരണവും പ്രളയ റോഡുകളുടെ പുനർനിർമാണവും അടക്കമുള്ള പ്രവർത്തനങ്ങൾ റവന്യു മന്ത്രിയുടെ നേതൃത്വത്തിലാണു നടന്നിരുന്നത്.