സിപിഐ എംഎല്‍എയെ ബലിയാടാക്കി സിപിഎം കേസ് ഒത്തുതീർപ്പാക്കി
Sunday, January 29, 2023 12:39 AM IST
ഷൈബിന് ജോസഫ്
കാഞ്ഞങ്ങാട്: മുൻ മന്ത്രിയും സിപിഐ നേതാവുമായ ഇ. ചന്ദ്രശേഖരൻ എംഎല്‍എയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ പ്രതികളായ 12 ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി വെറുതേവിടാന്‍ കാരണം സിപിഎം നേതൃത്വം ആര്‍എസ്എസ് നേതൃത്വവുമായുണ്ടാക്കിയ രഹസ്യധാരണയെത്തുടര്ന്നാണെന്ന ആരോപണം ശക്തമാകുന്നു.
2016 മേയ് 19ന് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസമായിരുന്നു അക്രമമുണ്ടായത്. കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍നിന്നു തുടര്‍ച്ചയായി രണ്ടാംതവണയും വിജയിച്ച ചന്ദ്രശേഖരനെ തുറന്ന ജീപ്പില്‍ ആനയിച്ചുകൊണ്ട് ആഹ്ലാദപ്രകടനം നടത്തുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഇടതുകൈ ഒടിഞ്ഞ ചന്ദ്രശേഖരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേസില്‍ മാവുങ്കാല്‍ മേലടുക്കത്തെ ബലരാമന്, കല്യാണ്‍ റോഡിലെ പ്രദീപ്കുമാര്‍, എം. രാജേഷ്, എസ്.സുധീഷ്, ഉദയംകുന്നിലെ ഇ.കെ. അനൂപ്, മാവുങ്കാലിലെ ബാബു, എം. രാഹുല്‍, എം. അരുണ്‍, പി. മനോജ്, എം. സുജിത്ത്, പ്രദീപ് കുമാര്‍ എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് പ്രതിചേര്‍ത്തത്.
ഇവര്‍ക്കെതിരേ വധശ്രമം അടക്കം പത്തോളം കേസുകളും ചുമത്തിയിരുന്നു. കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ ടി.കെ.രവിയും സിപിഎം മടിക്കൈ സൗത്ത് ലോക്കല്‍ കമ്മിറ്റിയംഗവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ അനില്‍ ബങ്കളവുമായിരുന്നു കേസിലെ സാക്ഷികള്‍.
കസ്റ്റഡിയിലെടുത്ത ആറുപേരെ ഡിവൈഎസ്പി ഓഫീസില്‍ ഹാജരാക്കിയപ്പോള്‍ ആക്രമണം നടത്തിയ നൂറില്‍പ്പരം ആള്ക്കാര് ഉള്‍പ്പെടുന്ന സംഘത്തില്‍ ഇവരുമുണ്ടായിരുന്നെന്ന് ടി.കെ. രവി മൊഴി നല്കി. അക്രമിസംഘത്തില്‍ ഇവര്‍ ഉണ്ടായിരുന്നതായി താന്‍ അറിഞ്ഞെന്ന് അനില്‍ ബങ്കളവും മൊഴി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. മേയ് 25ന് ബാന്‍ഡേജ് ഇട്ട കൈയുമായാണ് ഇ.ചന്ദ്രശേഖരന് അന്നു സത്യപ്രതിജ്ഞ ചെയ്തത്.
2022 നവംബര്‍ 23ന് കേസില്‍ കോടതിയില്‍ ഹാജരായ ഇ. ചന്ദ്രശേഖരന് തന്റെ പരാതിയില്‍ ഉറച്ചുനിന്നു. എന്നാല്‍ നവംബര്‍ 28ന് കോടതിയില്‍ ഹാജരായ ടി.കെ. രവി മൊഴിമാറ്റുകയായിരുന്നു. അക്രമിസംഘത്തില്‍ നൂറില്‍പ്പരം ആള്ക്കാരുണ്ടായിരുന്നെന്നും അതുകൊണ്ട് ഇവര്‍ തന്നെയാണോ ആക്രമിച്ചതെന്ന് തനിക്ക് പറയാനാകില്ലെന്നും രവി പറഞ്ഞു.
പോലീസ് സ്റ്റേഷനില്‍ വച്ച് താന്‍ പ്രതികളെ തിരിച്ചറിഞ്ഞില്ലെന്നും രവി പറഞ്ഞു. അനില്‍ ബങ്കളവും പിന്നീട് മൊഴിമാറ്റി. ഇതോടെ സംഭവം നടന്ന് ആറരവര്‍ഷത്തിനുശേഷം ജനുവരി 25ന് കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) വിധി പറഞ്ഞപ്പോള്‍ തെളിവുകളുടെ അഭാവത്തില്‍ 12 ആര്‍എസ്എസ് പ്രവര്‍ത്തകരെയും വെറുതേ വിടുകയായിരുന്നു.
സിപിഎം ജില്ലാനേതൃത്വത്തിന്റെ അറിവോടെയാണ് നേതാക്കളുടെ ഈ മൊഴിമാറ്റമെന്നാണ് സൂചന. മറ്റൊരു വധശ്രമക്കേസില്‍ സിപിഎം നേതാക്കളെ രക്ഷപ്പെടുത്താന്‍ ബിജെപി നേതൃത്വവുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പുപ്രകാരമാണ് ഈ മലക്കംമറിച്ചിലെന്നും അതിനു തങ്ങളുടെ എംഎല്‍എയെ കരുവാക്കിയെന്നുമാണ് സിപിഐ നേതാക്കൾക്കിടയിലെ വിലയിരുത്തൽ.