ഹിന്ദു എന്നത് ഭൂമിശാസ്ത്രപരമായ വാക്ക്: ആരിഫ് മുഹമ്മദ് ഖാൻ
Sunday, January 29, 2023 12:39 AM IST
തിരുവനന്തപുരം: ഹിന്ദു എന്നത് ഭൂമിശാസ്ത്രപരമായ വാക്കാണെന്നും ഇന്ത്യയിൽ ജനിച്ചവരും ജീവിക്കുന്നവരുമെല്ലാം ഹിന്ദുക്കളാണെന്നും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ.
ബ്രിട്ടീഷ് ഭരണകാലത്ത് സെൻട്രൽ ലെജിസ്ലേറ്റീവ് കൗണ്‍സിൽ അംഗമായിരുന്ന സർ സയ്യിദ് അഹമ്മദ് ഖാന് ആര്യസമാജം പ്രവർത്തകർ സ്വീകരണമൊരുക്കവേ അദ്ദേഹവും ഇതു പറഞ്ഞിട്ടുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ഹിന്ദു കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗവർണർ.
കവി ശ്രീകുമാരൻ തമ്പിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഷധർമ പുരസ്കാരം സമർപ്പിച്ചു.കെഎച്ച്എൻഎ പ്രസിഡന്റ് ജി.കെ.പിള്ള അധ്യക്ഷത വഹിച്ചു.
കവി വി. മുധുസൂദനൻനായർ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ബിജെപി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ, കെഎച്ച്എൻഎ ട്രസ്റ്റീ ബോർഡ് ചെയർമാൻ ഡോ. രാംദാസ് പിള്ള, രഞ്ജിത് പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.